Wednesday, 20 December 2006

വട്ടയപ്പവും താറാവുകറിയും
പിന്നെ കുറെ സംശയങ്ങളും

എന്റെ കുട്ടിക്കാലത്ത്‌ ക്രിസ്തുമസ്‌ അടുക്കുമ്പോള്‍ എനിക്കു ചില ടെന്‍ഷ്ന്‍ അനുഭവപ്പെടാറുണ്ട്‌.23 -24 തീയതികളില്‍ അതു പാരമ്യത്തിലെത്തും." മണീടമ്മേ എന്നു നീട്ടി വിളിച്ചുകൊണ്ടു അച്ചപ്പവും അവലോസുണ്ടയും കള്ളൊഴിച്ചുണ്ടാക്കിയ വട്ടയപ്പവുമയി തെക്കേലെ കര്‍മ്മലി താത്തിയോ, പടിഞ്ഞാറേല വിരോണി താത്തിയൊ ( മുതിര്‍ന്ന ക്രിസ്തിയാനി സ്ത്രീകളെ കൊച്ചിയില്‍ വിളിക്കുന്നതുങ്ങനെയാണു ) പടി കടന്നുവരുന്നതുവരെ ഈ ടെന്‍ഷ്യന്‍ തുടരും. കിഴക്കേല ലൂസി ടീച്ചര്‍ ക്രിസ്തുമസ്സിന്റെ അന്നു രാവിലെയാ വേലിക്കുമുകളിലുടെ പാലപ്പവും ഇഷ്ടുവും (stew) തരിക.പിന്നെ കണ്ണൂര്‍കാരന്‍ കുമാരേട്ടന്റെ പള്ളിപ്പടിലെ ബെസ്റ്റ്‌ ബേക്കറിയിലെ കേകും ,അമ്മയുടെ ബെസ്റ്റ്‌ ഫ്രണ്ട്‌ -ന്റെ വീട്ടിലെ സ്റ്റാര്‍ ഐറ്റെം കുഴലപ്പം കൂടി എത്തിയാല്‍ ഞങ്ങളുടെ വീട്ടിലും ക്രിസ്തുമസ്‌ പൊടിപൊടിക്കും.



പക്ഷെ ഓണത്തിനാണു ഞങ്ങള്‍ വിവരം അറിയുക, ഭൂരിപക്ഷത്തിന്റെ ഇടയില്‍ താമസിക്കേണ്ടി വരുന്ന നൂനപക്ഷത്തിന്റെ സുഖമുള്ള നൊമ്പരങ്ങള്‍ . പായസവും ഉപ്പേരിയും ഒപ്പിക്കാം..അച്ചനും ചേട്ടനും സഹായിക്കും. ഉദ്യോഗസ്ഥയായ അമ്മക്കു കൂടുതലും നുണ പാചകങ്ങളാണുപരിചയം .മത്തങ്ങാപിടിയും ,ഇലയടയും ,അവലോസുപൊടിയും വരെ ഉള്ളു പലഹാര വിജ്ഞാനം , എന്നാല്‍ അതൊന്നും പുറത്തു കണിക്കാതെ ,സമയംകുറവു ഭാവിച്ചു അമ്മ സ്റ്റ്രാറ്റജി വര്‍ക്ക്‌ ഔട്ട്‌ ചെയ്യും , വിതരണത്തിനാവശ്യമായ പലഹാരങ്ങളുടെ നിര്‍മാണം ഔട്ട്‌ സോഴ്സ്‌ ചെയ്യപ്പെടും . കര്‍മിലി താത്തിയെ ബുക്ക്‌ ചെയ്യും . പശുവിനെ പറമ്പില്‍ കെട്ടി തൊഴുത്തിന്റെ ഒരു വശം വൃത്തിയാക്കി വലിയ അടുപ്പുകൂട്ടി പെട്ടെന്നു ഒക്കെ ഉണ്ടക്കി ത്തന്നു അവര്‍ സ്ഥലം വിടും .ചേച്ചിമാരൊ ഞാനോ വിതരണത്തിനു പോകും .



ഒരു തവണ, അപ്പോഴേക്കും കോളേജ്‌ കുമാരികളായി മാറി കഴിഞ്ഞിരുന്ന ചേച്ചിമാര്‍ പ്രമേയം പസ്സാക്കി ..കുറെ ദൂരെ പോയുള്ള വിതരണം നിറുത്തലാക്കാം. റോഡില്‍ കൂടി സഞ്ചിയുമായി പോകനുള്ള മടി. അവര്‍ എന്നോടു പറഞ്ഞു നീ ഇന്നു ഇതു കൊടുത്തിട്ടു, അമ്മയുടെ കൂട്ടുകാരി മേരിചേച്ചിയോടു .."നമുക്കി പരിപാടി അവസാനിപ്പിക്കാം "എന്നു പറയണം . തികഞ്ഞ പ്രതിഷേധം ഉണ്ടെങ്കിലും ഞാന്‍ അതു വളരെ matter of fact ആയി ചട്ടയും മുണ്ടും ഉടുതു നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന അവരൊടു ഞാന്‍ പറഞ്ഞു അതു പോലേ പറഞ്ഞു.. പെട്ടെന്നവരുടെ മുഖം മങ്ങി..ഒന്നും പറയാതേ എനിക്കു 2 രൂപയും തന്നു യാത്രയാക്കി.




വീട്ടില്‍ തിരിച്ചു വന്നപ്പൊ ചേച്ചിമാരു വളഞ്ഞു ..നീ പറഞ്ഞൊ? ."ഉവ്വ്‌" എന്നു ഞാന്‍..അവരെല്ലാവരും പൊട്ടിച്ചിരിച്ചു ..നിനക്കതു പറയന്‍ ധൈര്യം വന്നോ ? ഞങ്ങള്‍ വെറുതെ പറഞ്ഞതല്ലേ എന്നു...ങെ?!!"ഇതു ചതി ,കൊല ചതി" ,എന്റെ മനസ്സു പറഞ്ഞു..കുട്ടികുരങ്ങനെ കൊണ്ടൂ ചുടു ചോറു വാരിക്കുന്ന പണി..ദുഷ്ടകള്‍..
അടുത്ത ക്രിസ്തുമസിനു അവര്‍ കൊണ്ടുവന്നെന്നും ഞങ്ങള്‍ ഓണത്തിനു പിന്നീടു കൊടുത്തില്ല എന്നുമാണു ഓര്‍മ.
മത സൗഹാര്‍ദത്തിന്റെ ആ ബാബറി മസ്ജിദ്‌ പൊളിക്കാന്‍ ഞാന്‍ ഒരു കറ്സേവക ആയതോര്‍ത്താണിപ്പോഴും എനിക്കു സങ്കടം..




വീണ്ടും ക്രിസ്തുമസ്‌
..ഇപ്പൊ എനിക്കു സകറിയയുടെ കഥയിലെ ആഷയെ പോലെ ഒരു പാടു സംശയങ്ങള്‍..





ക്രിസ്തുമസ്‌ നക്ഷത്രമുണ്ടാക്കാന്‍ മുള വാരി വെട്ടുന്ന ആ ഇല്ലികൂട്ടം ജോസ്പ്പേട്ടന്റെ വീടിന്റെ കുളക്കരയില്‍ ഇപ്പൊഴും ഉണ്ടൊ?



വാഴവെട്ടി മുറ്റത്തു നാട്ടി ക്രിസ്തുമസ്‌ വിളക്കു വയ്ക്കാറുണ്ടൊ ജോണി കുട്ടി?



ഗുജറാത്തില്‍ ചെമ്മീന്‍ കമ്പനിയില്‍ പണിക്കു പോയ മോളികുട്ടിക്കു കൊടുത്തയക്കാന്‍ എടുത്തു വച്ച പലഹാരങ്ങള്‍ കട്ടുതിന്നതിനു പ്രാഞ്ചിയെ പുരക്കു ചുട്ടും ഓടിക്കുന്ന ,അവന്റെ അമ്മാമ്മയിപ്പോഴും ഉണ്ടോ ?പ്രാഞ്ചിടെ മകനാവില്ലെ ഇപ്പൊ കള്ളന്‍ ?




ക്രിസ്തുമസ്‌ കരോളിനു (അതുണ്ടെങ്കില്‍) ഉണ്ണിശ്ശൊടെ മാതാവാകുന്നതു ആ സുന്ദരികോത റീനാമ്മേടെ മകളായിരിക്കില്ലെ ?




ആ താറാവുകാരന്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ഇപ്പൊഴും താറാകൂട്ടവുമയി വരാറുണ്ടൊ? തെങ്ങിന്‍ കട്ക്കല്‍ 2 ദിവസം കെട്ടിയിട്ടു വയറ്റിലെ ചെളി കളഞ്ഞാണൊ കറിവയ്കുന്നേ? തേങ്ങ വറുത്തരച്ചാണൊ അതൊ റോസ്റ്റാണൊ ? എനിക്കു വറുത്തരകുന്നതാണിഷ്ടം



കര്‍മിലിത്താത്തി ഇപ്പൊഴും കള്ളൊഴിച്ചു വട്ടയപ്പം ഉണ്ടക്കാറുണ്ടൊ? എങ്കില്‍ ഇപ്പൊല്‍ കിട്ടുന്ന "ആന മയക്കി " ഒഴിച്ചുണ്ടാക്കിയാല്‍ അതിന്റെ പ്രത്യാഘാതം എന്താവും.?
ചവരൊ ചേട്ടനും കുംബാരിക്കും പിന്നെ ഷാപ്പില്‍ പോകേണ്ട ആവശ്യം വരില്ലെ?
ഇപ്പൊ ബേകറീല്‍ കിട്ടുന്ന ഈ വട്ടയപ്പത്തിനിപ്പോല്‍ പഴ സ്വാദുമായി വിദൂര സാമ്യം പോലും ഇല്ലാത്ത്തെന്തെ? ..കള്ളുമായി വിദൂര ബന്ധം പോലും ഇല്ലാത്തതാണൊ കാരണം?



പിന്നെ ദീപേടമ്മെ... (ഇപ്പൊ അവിടെ മണീടമ്മ ഇല്ലല്ലൊ ) എന്നു വിളിച്ചു ഇപ്പൊഴരെങ്കിലും പലഹാരപാത്രങ്ങളു മായി വരാറുണ്ടൊ ?



ഇതെല്ലാം ചിലതു മാത്രം ..ആരോടു ചോദിക്കാന്‍?



21 comments:

പ്രിയംവദ-priyamvada said...

കുറച്ചു സംശയങ്ങള്‍! എല്ലാവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍

ശാലിനി said...

ഇന്നലെ ഞാന്‍ സ്വപ്നത്തില്‍ ഞങ്ങളുടെ പഴയ അയല്‍ക്കാരെ കണ്ടു. ഇപ്പോള്‍ ഈ പോസ്റ്റും കൂടി വായിച്ചപ്പോള്‍ എനിക്കും ഒരുപാട് സംശയങ്ങള്‍, ആരോട് ചോദിക്കും, ഉത്തരം തരാന്‍ അവിടെ അവരാരും ഇല്ലല്ലോ.

പ്രിയംവദ-priyamvada said...

ശാലിനി എന്റെ കൂട്ടുകാരി:-)

Unknown said...

ആവാം.

പരസ്പരം said...

വട്ടയപ്പ ചിന്തകള്‍ക്കായ് നന്ദി.. ചെറുപ്പം മുതല്‍ക്കേ എനിക്ക് വട്ടയപ്പം അത്ര ഇഷ്ടമുള്ള പലഹാരമായിരുന്നില്ല. വീട്ടിലുണ്ടാക്കുന്ന വളരെ കട്ടിയുള്ള വട്ടയപ്പം വെറുതെ ടേയ്സ്റ്റ് ചെയ്യുമായിരുന്നു അത്ര മാത്രം. പിന്നീട് ബേക്കറികളില്‍ കിട്ടുന്ന വളരെ മൃദുവായ വട്ടയപ്പം കുറച്ച് ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ പ്രിയംവദ പറഞ്ഞതുപോലെ ബേക്കറികളിലെ വട്ടയപ്പവും കമേഷ്യലൈസ് ചെയ്യപ്പെട്ടു. പഴയ കുറെ ക്രിസ്തുമസ് ചിന്തകള്‍ അയവിറക്കുവാന്‍ കിട്ടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ക്കുമില്ലേ ഒരു സുഖം. ഇതൊക്കെയാണ് ജീവിതം; പഴയ കുറേ ചിത്രങ്ങള്‍ പുതിയവക്കായ് സ്ഥാനമൊഴിഞ്ഞുകൊടുക്കുന്നു. ഈ വരികള്‍ നന്നായിരിക്കുന്നു “മത സൗഹാര്‍ദത്തിന്റെ ആ ബാബറി മസ്ജിദ്‌ പൊളിക്കാന്‍ ഞാന്‍ ഒരു കര്‍സേവക ആയതോര്‍ത്താണിപ്പോഴും എനിക്കു സങ്കടം.. “.

ലിഡിയ said...

വളരെ ഹൃദ്യമായ ചിന്തകള്‍ പ്രിയംവദേ..

പനിമഞ്ഞ് വീഴുന്ന നേരത്ത് പാതിരാകുര്‍ബാനയ്ക്ക് പോവുന്നതും അക്കര വീട്ടിലെ പട്ടി ഓടിച്ച് ഉരുണ്ട് വീണതും ഒക്കെ ഓര്‍ത്ത് പോയി..

വട്ടയപ്പം എനിക്കിഷ്ടപെട്ട സംഭവം തന്നെ.

-പാര്‍വതി.

ഏറനാടന്‍ said...

പ്രിയംവദയുടെ ബ്ലോഗും പിന്‍മൊഴിയില്‍ കണ്ട്‌ വന്നതാണ്‌. ആ പേരിന്റെ പ്രത്യേകതയും ഒരു കാരണം തന്നെ. എന്തെന്നാല്‍, ഇതേ പേരിലൊരു സഹപാഠി ഉണ്ടായിരുന്നു.

(അവളെ നായികയാക്കി ഒരു സംഭവം കഥയാക്കിയിരുന്നു; കഴിഞ്ഞ ഓണനാളില്‍ പോസ്റ്റിയതിന്റെ ലിങ്കിവിടെ: http://eranadanpeople.blogspot.com/2006/09/blog-post.html)

സു | Su said...

പ്രിയംവദയുടെ കുട്ടിക്കാലഓര്‍മ്മകളിലൂടെ ഞാനും പോയി വന്നു.

:)

വിനയന്‍ said...

പ്രി..
കള്ളപ്പം എന്ന് കേട്ടപ്പം വായില്‍ വെള്ളമൂറി എന്ത് ചെയ്യാന്‍ ഞാന്‍ ഇതു വരെ ആ സാധനം തിന്നിട്ടില്ല.
“ആ താറാവുകാരന്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ഇപ്പൊഴും താറാകൂട്ടവുമയി വരാറുണ്ടൊ?“ ഞാന്‍ അറിയാതെ എന്റെ കുട്ടിക്കാലത്തിലൂടെ ഒന്നു ഓടി മറഞ്ഞു.

പ്രിയംവദ-priyamvada said...

ശാലിനിയും പാര്‍വതിയ്ക്കും പരസ്പരതിനും വിനയനും എല്ലാം ഒരു പാടു നന്ദി! ..ഏറനാടന്റെ പ്രിയം വദയെ കണ്ടു..കുറുമ്പികുട്ടി!

ഇനി ഒരു ഇടവേളയ്ക്കു ശേഷം.... വീണ്ടും സന്ധിക്കും വരേ വണക്കും കൂറി വിടെപെരുവതു ഉംങ്കള്‍ പ്രിയംവദ!!

ബൂലൊകര്‍ക്കെല്ലാം നവവല്‍സരാശംസകള്‍!!!!!!

പ്രിയംവദ-priyamvada said...

ശാലിനിയും പാര്‍വതിയ്ക്കും പരസ്പരതിനും വിനയനും എല്ലാം ഒരു പാടു നന്ദി! ..ഏറനാടന്റെ പ്രിയം വദയെ കണ്ടു..കുറുമ്പികുട്ടി!

ഇനി ഒരു ഇടവേളയ്ക്കു ശേഷം.... വീണ്ടും സന്ധിക്കും വരേ വണക്കും കൂറി വിടെപെരുവതു ഉംങ്കള്‍ പ്രിയംവദ!!

ബൂലൊകര്‍ക്കെല്ലാം നവവല്‍സരാശംസകള്‍!!!!!!

ഗിരീഷ്‌ എ എസ്‌ said...

നല്ല ചിന്തകള്‍...
നല്ല വരികള്‍...
അഭിനന്ദനങ്ങള്‍

പ്രിയംവദ-priyamvada said...

ഈ നന്ദി ദ്രൌപതി .കവിതയില്‍ വലിയ പിടിപാടില്ല.എന്നാലും ..കുട്ടിടെ ബ്ലൊഗ് സൈറ്റും നന്ന്. നല്ല attempt!
virtually yours
പ്രിയംവദ

ബിജുകുമാര്‍ alakode said...

പ്രിയം‍വദയുടെ “വട്ടയപ്പക്കഥ” ഹൃദ്യമായിരുന്നു.ഇതെഴുതുന്നയാള്‍ ഒരു പ്രവാസിയാണ്. ഗള്‍ഫില്‍ നീന്നും ഇക്കഴിഞ്ഞ ലീവിന് നാട്ടിലെത്തി മടങ്ങുന്നതിന് രണ്ടുദിവസം മുന്‍പ് അമ്മ വട്ടയപ്പം ഉണ്ടാക്കിത്തന്നു. എന്‍റെ അമ്മയുടെ കൈപ്പുണ്യം മൂലമാവാം പറഞ്ഞറിയിക്കാനാവാത്ത സ്വാദ്! പരന്ന സ്റ്റീല്പ്ലേറ്റില്‍ ശര്‍ക്കരയും കള്ളുമൊക്കെ ചേര്‍ത്ത് ഉണ്ടാക്കിയ ആ വട്ടയപ്പം ഞാന്‍ എത്ര കഴിച്ചു എന്ന് എനിക്ക് നിശ്ചയം പോരാ. കൃത്യം രാത്രി രണ്ടരയ്ക്കാണ് വയറിന്‍റെ ആദ്യ പ്രതികരണം ഉണ്ടായത്. പിന്നെ നിശ്ചിത ഇടവേളകളില്‍ മുടങ്ങാതെ നടന്നുകൊണ്ടിരുന്നു. ഫ്ലൈറ്റ് ടിക്കറ്റ് ക്യാന്‍സലാക്കേണ്ടി വരുമോ എന്നു ഞാന്‍ ഭയന്നു. ഏതായാലും എന്‍റെ പ്രിയതമ പോയി വാങ്ങി വന്ന മരുന്നില്‍ കാര്യം ഒതുങ്ങി.
വട്ടയപ്പക്കാര്യം കേട്ടപ്പോള്‍ ആദ്യം ഓടിവന്ന ഓര്‍മയാണിത്.
പ്രിയം‍വദയ്ക്ക് ഭാവുകങ്ങള്‍!!
ബിജുകുമാര്‍, സൌദി അറേബ്യ

Unknown said...

വട്ടയപ്പം. നോട്ട്ബുകില്‍ കുറിച്ച് വെച്ചതാ. നാട്ടില്‍ പോകുമ്പോള്‍ അടിയ്ക്കാന്‍. നാട്ടില്‍ നിന്ന് വന്നാല്‍ വിദേശ ഭക്ഷണത്തില്‍ കമ്പം നാട്ടില്‍ പോയാല്‍ നാടന്‍ ഭക്ഷണത്തില്‍ കമ്പം. ഞാന്‍ നന്നാവില്ലാ... :-)

ഓടോ: പ്രിയംവദ ചേച്ചീ... നന്നായിരിക്കുന്നു. :-)

റീനി said...

പ്രിയംവദേ, താറാവുറോസ്റ്റ്‌, വട്ടയപ്പം, പാലപ്പം ഇതൊക്കെ കേട്ടിട്ട്‌ ഒരു ഗൃഹാതുരത്വം.

തമനു said...

എന്റെ പോസ്റ്റിലെ കമന്റില്‍ ക്ലിക്ക്‌ ചെയ്ത്‌ വന്നു പെട്ടതാണിവിടെ...

ഇങ്ങനെ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. പെസഹായ്ക്കും, ഈസ്റ്ററിനും, ക്രിസ്തുമസിനും ഒരു ഡസന്‍ കൂട്ടുകാരെ വിളിച്ച്‌ സല്‍ക്കരിക്കേണ്ടി വരുമായിരുന്നു. അവന്മാര്‍ക്കാണെങ്കില്‍ ഓണത്തിന്റെ ഏതെങ്കിലും ഒരു ദിവസം നമുക്കൊരൂണ്‌. എന്തായാലും നല്ല രസമായിരുന്നു.

ഗൃഹാതുരത്വം ഉണര്‍ത്തിയ ഈ പോസ്റ്റിനും, എഴുതിയ പ്രിയംവദയ്ക്കും താമസിച്ചാണെങ്കിലും അഭിനന്ദനങ്ങളും, പുതുവല്‍സരാശംസകളും.

Kaithamullu said...

എന്റെ ഗൃഹാതുരത്വം തീര്‍ക്കാന്‍ പ്രിയതമ കഴിഞ്ഞ മാസം വട്ടയപ്പം ഉണ്ടാക്കി തന്നു- വെറുതെ യീസ്റ്റ് മാത്രം ചേര്‍ത്ത്. നാട്ടിലെ ടേസ്റ്റ് കിട്ടിയില്ലെങ്കിലും നന്നായിരുന്നു.

-പ്രിയംവദ തോഴിയുടെ ചിന്തകള്‍ ഞാനും കടമെടുക്കുന്നു.

asdfasdf asfdasdf said...

വട്ടയപ്പവിശേഷങ്ങള്‍ നന്നായിരിക്കുന്നു.

രാജ് said...

കുറേ കൊടുക്കലിനും പങ്കുവയ്ക്കലിനും ശേഷം അയല്‍ക്കാര്‍ ഇല്ലാതായതു് എപ്പോഴാണെന്നോര്‍ത്തോര്‍ത്തു എന്റെ മനസ്സുമരവിച്ചു. എന്നോ എപ്പോഴോ ഇല്ലാതായി, ഓര്‍ക്കുന്നില്ല, ഇല്ലാതായെന്നു മാത്രം ഓര്‍ക്കുന്നു.

പ്രിയംവദയുടെ ബ്ലോഗെഴുത്തു നല്ലതാണു്.

ഡി .പ്രദീപ് കുമാർ said...

ഈ മലബാറില്‍ കള്ളപ്പവുമില്ല.താറാവുമില്ല.കൊച്ചിയിലെ ഭക്ഷണവൈവിദ്ധ്യം ഒരു മധുരിക്കുന്ന ഓര്‍മ്മയാണു.ബിരിയാണിമയം മലബാര്‍. വീണ്ടും എഴുതുമെല്ലോ.