Sunday 10 December 2006

മലയാളം മരിക്കുന്നു

അപ്രിയമായതൊന്നും പറയാതിരിക്കാനുള്ള മുന്‍ കരുതലാണു സഹ ബ്ലൊഗരെ ഈ പേരിന്റെ പിന്നില്‍ ...എന്തിനെഴുതുന്നു എന്നല്ലെ? മലയാളം മരിക്കാതിരിക്കാന്‍! വടി എടുക്കാന്‍ വരെട്ടെ.. ...

തുടരും



ഓഫീസ്‌ ,അടുക്കള , N T U C( അതിവിടത്തെ സര്‍ക്കാര്‍ പലചരക്കു കടയാണു കൂട്ടരെ
) എന്നിങ്ങനെ ഉള്ള ഒരു ബെര്‍മുഡ triangle-ല്‍ പെട്ടിരിക്കയാണെന്റെ ജീവിതം .അതിനിടയില്‍ മലയാളത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു..




വീട്ടില്‍ പറഞ്ഞൂടെ 'ചേച്ചിക്ക്‌ എന്നു ചോദിച്ചാല്‍ ... എന്റെ ചെറിയ പെണ്‍കുട്ടിക്കാണെങ്കില്‍ മലയാളം കഷ്ടി..മറുപടി ഇംഗ്ലീഷില്‍ .വലിയ പെണ്‍കുട്ടിക്കാണെങ്കില്‍ സംസാരിക്കാന്‍ സമയമില്ല .പിന്നെ ഇവരൊടൊക്കെ ഞാന്‍ കൂടുതലും പറയുന്നതു ചില ത്രീ ലെറ്റ്റ്റര്‍ വേര്‍ഡ്‌സ്‌ ആണെന്നു ഈയിടെ ഞാന്‍ മനസ്സിലാക്കി..കുളിക്കു..പഠിക്കു..കഴിക്കു..(പിന്നെ ദേഷ്യം വരുമ്പോള്‍ അ-സംസ്കൃത മലയാളത്തിനാണു കൂടുതല്‍ പ്രയോഗികത അല്ലെ.)ഓഫീസ്‌ - ഇമെയില്‍ -ബാത്‌ റൂം എന്നിങ്ങനെ വേറൊരു triangle-ല്‍ പെട്ടിരിക്കയാണെന്റെ ശ്രീമാന്‍ ..പിന്നെയീ പെണ്‍ പിള്ളേരെ പഠിപ്പിച്ച്‌ കെട്ടിക്കാനും കാശു വേണമല്ലൊ എന്നോര്‍ക്കുമ്പോള്‍ തത്ര ഭവാനെ അതിന്റെ വഴിക്ക്‌ വിടാതിരിക്കാനും നിവൃത്തിയില്ല. ദാമ്പത്യം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലയാളത്തിനെന്നല്ല ഒരു ഭാഷയ്ക്കും തന്നേ അതില്‍ ഒന്നും ചെയ്യാനില്ല ..ഒന്നും പറയാതെ തന്നേ എല്ലാം രണ്ടുപേര്‍ക്കും അറിയാം .ഒരു മൂളല്‍..ഒരു നോട്ടം ..അത്രമതി. ജീവിത തിരക്കില്‍ വഴക്കടിക്കാന്‍ പോലും നേരമില്ല


ഓഫീസില്‍ ഒരു മലയാളി മരുന്നിനു ഉണ്ടു .. .. ഒരു പാവത്താന്‍ MP3 മലയാളം പാട്ടു തന്നു സഹായിക്കും .ആള്‍ എന്നെ പരസ്യമായി ചേച്ചി എന്നു വിളിച്ചു സംസാരിക്കുന്നതിനാല്‍ കൂട്ടു വെട്ടി ..(note the point;) ) പിന്നെ ഒരു വള്ളുവനാടന്‍ പെണ്‍ കുട്ടി ഉണ്ടായിരുന്നു . എല്ലാ ഭാഷയിലും എന്ന പോലെ മലയാളത്തിലും മൗനം പലിക്കുന്ന ഒരു കുട്ടി..നാട്ടിലെ ഓഫീസില്‍ കലാപില സംസരിച്ചു എല്ലാ സഹപ്രവര്‍ത്തകരുടെയും അമ്മായി അമ്മയുടെ വരെ നാളു വരെ അറിഞ്ഞുനടന്നതിന്റെ ശിക്ഷ ..ആ കുട്ടിടെ ഭര്‍ത്താവിന്റെ പേരും പോലും അറിഞ്ഞതു 6 മാസം കഴിഞ്ഞാണു..അത്ര സംസാരപ്രിയ.(പിന്നെ കുറെ ഹിന്ദിക്കാര്‍..അവര്‍ പറയുന്നതു sub title ഇല്ലാതെ ഹിന്ദി സിനിമ കാണുന്നതു പോലാണെനിക്ക്‌..സംഗതി മനസിലായിവരുമ്പൊ അടുത്ത സീന്‍ കഴിയും.ബഹു ഭൂരിപക്ഷം വരുന്ന chinese, indonesian,Philipiino ഇവരൊടെല്ലാം തെറി /പ്രാക്കു മാത്രം വേണമെങ്കില്‍ മലയാളത്തില്‍ പറയാം..പക്ഷെ ഞാന്‍ പ്രിയംവദ അല്ലെ?


കടകളില്‍ singlish മതി..ഇംഗ്ലീഷിന്റെ സിംഗപൂര്‍ എഡീഷന്‍ .സ്കൂളില്‍- preposition പഠിപ്പിച്ചപ്പോള്‍ ഉറങ്ങിയവര്‍ക്കു എല്ലാം സിംഗപൂരിലേക്കു സ്വാഗതം. ഗ്രാമെറിനെ കുറിച്ചോര്‍ത്തു വിഷമിക്കാതെ തന്നെ സംസാരിക്കാം.പിന്നെ ചില പാര്‍ട്ടികളില്‍ ആണു മലയാളത്തിനു സ്കോപ്‌ ..പക്ഷെ യുവ ഭാര്യമാര്‍ ഇംഗ്ലീഷ്‌ മീഡിയംകാരായതിനാലവണം മലയാളം അത്ര പോര.. കുട്ടികളുടെ വിദ്യാഭ്യാസം, .കാര്‍ത്തിക സ്റ്റോറില്‍ പപ്പടം കിട്ടും എന്നിങ്ങനെ പതിവു വിഷയം ..പിന്നെ സ്വല്‍പ്പം പരദൂഷണം.. പക്ഷെ ഞാന്‍ പ്രിയംവദ അല്ലെ!

പിന്നെ കത്തുകള്‍ ..അതിപ്പൊ കിട്ടാനില്ല..കഷ്ടപെട്ടു കത്തും draft ഉം അയച്ചാല്‍ SMS മറുപടി! അത്ര തിരക്കാണു എന്റെ ബന്ധു ജനങ്ങള്‍ക്കു .പണ്ടൊക്കെ ഫ്രണ്ട്‌സിന്റെ കത്തു വരുമായിരുന്നു..ഇപ്പൊ ആ സമ്പ്രദായം എല്ലാം അന്ന്യം നിന്നു..നമ്മള്‍ കത്തയച്ചാല്‍ നമ്മളെ archaeology വകുപ്പിലേക്ക്‌ റെഫര്‍ ചെയ്തെക്കുമൊ എന്നു ആണു ഭയം .


asianet വന്നാല്‍ എല്ലാം ശരിയാകും എന്നു കരുതി !.കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ കണ്ടതു 4-5 നല്ല പരിപാടികള്‍.എം. കൃഷ്ണണന്‍ നായര്‍ പറയുമ്പോലെ വമനേഛ ഉണര്‍ത്തുന്ന സീരിയലുകള്‍ , നൂറ്റൊന്നാവര്‍ത്തിക്കുന്ന സിനിമകള്‍. കുറെ പഴയ പാട്ടുകള്‍ ഓര്‍മപ്പെടുത്തി എന്നതു ഗുണം ..നാട്ടില്‍ ഇത്രയും സ്വര്‍ണ കടകള്‍, തുണികടകള്‍ വന്നു എന്നു അറിഞ്ഞു..ഇതു ഭയങ്കര കമ്മെര്‍ഷ്യല്‍ ചാനല്‍ ആണെന്നു മോള്‍. അതു പിന്നെ നല്ല മലയാളം പരിപാടികള്‍ ദൂരദര്‍ശനില്‍ ആണെന്നു പറഞ്ഞു തടി തപ്പി.ആണൊ?.. ശ്രീ കണ്ഠന്‍ നായര്‍ക്ക്‌ കത്തയക്കാമെന്നു വിചാരിച്ചു..അതു പിന്നെ മലയാള മനോരമ വീക്കിലി മാതൃഭൂമിവീക്കിലി ആവണമെന്നു വാശി പിടിക്കുന്ന പോലെ അല്ലെ ?

ഏതാണ്ടു കിട്ടുന്നതെല്ലാം വായിച്ചും തോന്നുതു എല്ലാം പറഞ്ഞും മലയാള ഭാഷയെ ഒരു വഴിക്കു ആക്കി വന്നതിന്റെ ശിക്ഷ.

മാസങ്ങള്‍ക്കു മുന്‍പു മാതൃഭൂമിയില്‍ മലയാളം ബ്ലോഗ്ഗിനെ പറ്റി ലേഖനം കണ്ടു .പിന്നെ തിരക്കില്‍ പെട്ടതു മറന്നു..

മലയാളം പത്രം വെബ്‌ എഡീ‍ഷന്‍ എല്ലാം അവഗണിച്ചു ലഞ്ച്‌ ടൈം-ഇല്‍ ബ്ലൊഗ് വായിക്കാന്‍ തുടങ്ങിയ്ട്ടിപ്പോള്‍ കുറച്ചു ദിവസമായി..ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങള്‍ ..ഈ ബൂലൊഗത്തിന്റെ ഭൂമി ശാസ്ത്രം മൊത്തം പിടി കിട്ടിയിട്ടില്ല..എങ്കിലും എന്റെ മലയാളം മരിക്കാതിരിക്കാന്‍ ഇവിടെ കുറിപ്പുകള്‍ ഇട്ടു തുടങ്ങാമെന്നു തോന്നുന്നു..പക്ഷെ സ്പീഡ്‌ കിട്ടുന്നില്ല..ഇംഗ്ലീഷ്‌ വാക്കുകളും പിഴകളും തല്‍ക്കാലം പൊറുക്കുക. ഒരു സ്പ്പെല്‍ ചെക്കര്‍ കിട്ടിയെങ്കില്‍..അതിമോഹമാണു അല്ലെ! പഴക്ക ദോഷം. ക്ഷമീരു!

p. s നിറ്‌ദ്ദേശങ്ങള്‍ക്കു നന്ദി !.

23 comments:

Santhosh said...

ഒഴുക്കുള്ള എഴുത്ത്. പാരഗ്രാഫ് തിരിച്ച് തെറ്റൊക്കെത്തിരുത്തിയാല്‍ വായനാസുഖമേറും. ബൂലോഗത്തിലേയ്ക്ക് സ്വാഗതം.

സുല്‍ |Sul said...

പ്രിയംവദേ, ബൂലോകത്തിലേക്ക് സ്വാഗതം.

ഏതായാലും മലയാളം മരിക്കാതിരിക്കാനായി വന്നതല്ലെ, ആ അക്ഷരപിശാചുക്കളെ പിടിച്ചു പുറത്താക്കി കതകടച്ച് സാക്ഷയിടു.

-സുല്‍

വിഷ്ണു പ്രസാദ് said...

മരിക്കുകയില്ല മലയാളം.ഇനിയും എഴുതൂ...

ഡാലി said...

പ്രിയംവദേ, ആളു പ്രിയംവദയല്ലേ, മലയാളവും എതാണ്ടങ്ങനൊക്കെ തന്നെയല്ലേ? അങ്ങനെയങ്ങ് മരിക്കന്‍ പറ്റോ തുഞ്ചന്റെ കിളിയ്ക്ക്? ഇവിടെ ബൂലോകത്തില്‍ മലയാളം മരിക്കുകയല്ല മറിക്കുകയലേ (നെറ്റിലേക്ക്). ഇത് പറഞ്ഞത് ശനിയന്‍ ബ്ലോഗറാണ്. പക്ഷേ അത് സത്യമല്ലേ? പണ്ടൊക്കെ കത്തെഴുതുമ്പോള്‍ അക്ഷരശുദ്ധിയോടെ അച്ചടി മലയാളം എഴുതിയിരുന്നു എല്ലാവര്‍ക്കും. കുറേ കാലത്തെ നാട് തെണ്ടല്‍ കഴിഞ്ഞപ്പോള്‍ നാട്ട് ഭാഷ കൈമോശം വന്നു. വായിക്കുന്ന, എഴുതുന്ന അച്ചടി മലയാളം മാത്രം ബാക്കിയയി. ബൂലോകത്തില്‍ വന്നതിനു ശേഷം നാട്ട് ഭാഷപോലും തിരിച്ചു കിട്ടി. അതാണ് ഏറെ സന്തോഷമായത്. ഇപ്പോ കത്തെഴുതുമ്പോള്‍ പോലും (അമ്മയ്ക്കിപ്പോഴും എന്റെ രണ്ട് വരി വായിക്കണം) “എന്തുട്ട്‌ണ് അമ്മേ പറ്യണേ“ എന്നൊക്കെ എഴുതുമ്പോള്‍ അമ്മയെ കണ്ടെഴുതണ പോലെ.

അപ്പോള്‍ പറഞ്ഞ് വന്നത്
സ്വാഗതം, ബൂലോകത്തിലേയ്ക്ക്.
മരിക്കുന്നില്ല മലയാളം
ജീവിക്കുന്നു നമ്മളിലൂടെ

(മുദ്രാവാക്യം എന്റെ ഒരു വീക്നെസാ ;))

പ്രിയംവദ-priyamvada said...

സ്വാഗതങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും അകമഴിഞ്ഞ നന്ദി, എല്ലാവര്‍ക്കും .ഒരു കാര്യം പോസ്റ്റില്‍ പറയാന്‍ മറന്നു.കുറെ ഫ്രണ്ട്‌സ്‌ ,സംഗതി virtual ആണെങ്കിലും ,അതും ഇതിന്റെ പ്രധാന ആകര്‍ഷണം.


സുല്‍ :ഒരു മുന്‍കൂര്‍ ജാമ്യം ഞാന്‍ എടുത്തിരുന്നു. സുല്‍ത്താനെ, കണ്ടില്ലേ? ഈ അക്ഷര പിശാചിനെ ഓടിക്കാന്‍ ഒരു "കാളിയമര്‍ദ്ദനം" വരമൊഴിയ്കു മേല്‍ നടത്തേണ്ടി വരും ..

സന്തോഷ്‌ മാഷെ:അപ്പൊ Microsoftകാര്‍ technically perfect but completely useless suggestion മാത്രമല്ല തരുന്നതു അല്ലേ ?


ഡാലി :അതേല്ലൊ ..പ്രകടന പരതക്കും അച്ചടി ഭാഷയ്ക്കും അപ്പുറത്തു
നമുക്കു കൈ വിട്ട്‌ പോവുന്ന നാടന്‍ ചൊല്ലുകളുക്കും പ്രയോഗങ്ങല്‍ക്കും പകരം വയ്ക്കാന്‍ മറ്റു ഭാഷകള്‍ക്കു പലപ്പോഴുംകഴിയില്ല.

"ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം " എന്നൊക്കെ ഉള്ള സ്ഥിരം ചൊല്ലുകള്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തി എന്റെ ചെറിയ മോള്‍ക്കു പറഞ്ഞുകൊടുക്കാന്‍ പണിപെടുബോള്‍ ഉള്ള വൈക്ലബ്യം അവര്‍ണനീയം!

കണ്ണൂരാന്‍ :നാടു വിടുമ്പോഴാണോ ഭാഷ സ്നേഹം കൂടുന്നുത്‌?ആയിരിക്കണം!

പുസ്തക വായന നിറുത്തീയോ? ഇവിടെ എന്റെ ചെറിയ ശേഖരത്തില്‍ നിന്നും എന്നും കിടക്കുന്നതിനു മുന്‍പു ഒന്നെടുത്തു അരമണിക്കൂര്‍ 7 വരിയും 7 അക്ഷരവും തള്ളി കുറെ വായിക്കും...എല്ലാം മനപ്പാഠം. എന്നാലും ..tension മാറന്‍ "പിതാമഹന്‍" , റിഫ്രഷ്‌ ആവാന്‍" നീര്‍മാതളം ..."എന്നിങ്ങനെ

എത്ര ബ്ലൊഗ്ഗാന്‍ പറ്റും എന്നറിയില്ല..വേണു മാഷെ..അക്ഷയപാത്രം ഒന്നു കിട്ടുമൊ ..കുരുക്ഷേത്രം അടുത്തല്ല്ലെ ഒന്നു തപ്പൊ? എന്നും പാചകം ചെയ്യേണ്ടി വരില്ലലോ

Promod P P said...
This comment has been removed by the author.
Promod P P said...

പ്രിയംവദയ്ക്ക് സുസ്വാഗതം
അക്ഷരം നമുക്ക് കിട്ടിയ ഭിക്ഷാപാത്രം..

സിംഗപ്പൂരിലെ പഴയ മലയാളി തലമുറ,മലയാളം പൂര്‍ണ്ണമായും മറന്നു എന്ന് തോന്നുന്നു. അഞ്ചോ ആറൊ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് (ഗള്‍‍ഫ് ഒക്കെ പോപുലര്‍ ആകുന്നതിനും എത്രയോ മുന്‍പ്)അവിടെ എത്തി പിന്നീട് അവിടത്തെ സങ്കര സംസ്കാരവുമായി ഇഴുകി ചേരുകയും ചെയ്ത ആളുകളുടെ മക്കളും അവരുടെ മക്കളും ഒക്കെ ആണല്ലൊ ഇപ്പോള്‍ അവിടെ ഉള്ള മലയാളി സമൂഹം..
ആ പഴയ പ്രവാസി‌കളില്‍ നിന്നും മലയാളത്തെ സ്നേഹിയ്ക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാകും. അടുത്ത കാലത്ത് അവിടെ എത്തിയ പ്രിയംവദയെ പോലെ ഉള്ള ആളുകള്‍ എങ്കിലും ഭാഷയോടുള്ള സ്നേഹം വെച്ചുപുലര്‍ത്തുന്നത് തികച്ചും അഭിനന്ദനാര്‍ഹം തന്നെ..

(ചാങ്കിയിലോ,എലിസബെത്ത് ഹോട്ടെലിലൊ,ഓര്‍ച്ചാര്‍ഡിലെ ലേ മെറിഡിയന്റെ ബേസ്മെന്റില്‍ ഉള്ള ശരവണഭവയിലോ അതും അല്ലെങ്കില്‍ സന്ധ്യ മയങ്ങും നേരത്ത് ഓര്‍ച്ചാര്‍ഡിലെ കാംസൂത്ര് പബ്ബിലോ എവിടെ ആയാലും ,ചെല്ലുമ്പോള്‍ ഒരു മലയാള മൊഴി കേള്‍ക്കാന്‍ കൊതിയ്ക്കാറുണ്ട്.)

ദേവന്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം.
സി പി ബിജു എഴുതിയ ലേഖനത്തിലൂടെ ബൂലോഗം കണ്ടെത്തിയ ആളാണല്ലേ. സന്തോഷം. പ്രിയംവദയുടെ മലയാളം ബൂലോഗത്ത്‌ തെള്ളിപ്പൊടി വീണ പന്തം പോലെ ആളിക്കത്തട്ടേ.

ഓ ടോ അടിച്ചോട്ടെ ഇവിടെ ഒരെണ്ണം:
ഡാലീ, പ്രാദേശിക പദങ്ങള്‍, അച്ചടി മാദ്ധ്യമം മറന്നു പോയ ഹ്രീഹ്ലാദങ്ങള്‍ ഒക്കെ തിരിച്ചു മലയാളത്തിനു കൊടുക്കല്‍ ബൂലോഗ വിപ്ലവത്തിന്റെ സുനിശ്ചിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് സ: ഏര്‍ണസ്റ്റോ വിശ്വഗുവേര കഴിഞ്ഞ യൂ യേ ഈ മീറ്റിന്റെ തലേന്ന് ഉറക്കപ്പിച്ചില്‍ പറയുകയുണ്ടായി. അതില്‍ പിന്നെ ഞാനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്‌ ഗ്ര്യാമ്യമെന്ന് പട്ടണക്കോളേജുകള്‍ എഴുതി തള്ളിയതിനാല്‍ അറിഞ്ഞും അറിയാതെയും ശൈലിയില്‍ നിന്നും വിട്ടുപോയ 'പോഴിത്തങ്ങളും' 'എരണം കെട്ട' പ്രയോഗങ്ങളും തിരിച്ചെത്തിക്കാന്‍.

സിദ്ധുവിന്റെ ശബ്ദതാരാവലി ഒരു തെസാറസ്‌ പോലെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായാല്‍ സര്‍ക്കുലേഷനില്ലാത്ത ആയിരക്കണക്കിനു വാക്കുകള്‍ മലയാളത്തിനു തിരിച്ചു കിട്ടും, ഉറപ്പ്‌.

Siju | സിജു said...

പ്രിയംവദ “ചേച്ചീ”..
എന്റെ വക ഒരു ചിന്ന സ്വാഗതം
ആ എഴുതുന്ന രീതി ശരിക്കും ഇഷ്ടായി, ഇടക്കിടക്ക് പുട്ടിന് പീര പോലെ ഞാന്‍ പ്രിയംവദയല്ലേയെന്നതും :-)
സിങ്കപ്പൂര്‍ നിന്നുള്ള രണ്ടാമത്തെ ബ്ലോഗ്ഗറാണെന്നു തോന്നുന്നു; കഞ്ഞി കുടിക്കുന്നതു സോറി റൊട്ടിയും ദാലും കഴിക്കുന്നത് സിങ്കപ്പൂര്‍ നിന്നും വരുന്ന കാശു കൊണ്ടായതിനാല്‍ ആ നാടിനോട് കടപ്പാടുണ്ട്
നോക്കട്ടെ, പറ്റിയാല്‍ ഒന്നങ്ങോട്ട് വരാം

ദേവന്‍ said...

സിജൂ,
രണ്ടാമത്തേതല്ല. കുറുങ്കോട്ട്‌, മതിലൂര്‍, പൊന്നിയം, പയ്യമ്പള്ളി, കൊടുമല, മേലൂര്‍, മയ്യഴി- നാലും മൂന്നേഴു ഫോട്ടോക്കളരിക്കാശാന്‍ സപ്തനവിടുണ്ട്‌ . പിന്നെ മഞ്ഞ കാജ മലര്‍ന്നു വലിച്ച്‌ പാട്ടും പാടി ഇരിപ്പുണ്ട്‌ ബഹുവ്രീഹി മച്ചാന്‍.

Promod P P said...

ദേവ്
പിന്നെ സാക്ഷിയും ഉണ്ട്
പക്ഷെ ബഹുവ്രീഹി കട്ടേം പടോം മടക്കി നാടു പിടിച്ചു എന്നാ പ്രണവ് പറഞ്ഞത്

Siju | സിജു said...

സപ്തന്‍ അവിടെയാണെന്നറിയാം, സപ്തനെ തന്നെയാണ് ഒന്നാമനെന്നു വിളിച്ചതും
ബഹുവ്രീഹി ചേട്ടനെ അറിയില്ലായിരുന്നു

ദേവന്‍ said...

ങേ?സാക്ഷി അങ്ങെത്തിയോ?
വല്ല താല്‍ക്കാലിക അസ്സൈന്മെന്റിനു പോയതാവാനേ വഴിയുള്ളു. സ്ഥിരവാസം അബുദുബായി.. സോറി നാക്കു പിഴച്ചു, അബുദാബി ല്‍ ആണ്‌.

ബഹു പോയില്ലെന്നാണല്ലോ മൂപ്പര്‍ടെ ബ്ലോഗേല്‍ നോക്കിറ്റിട്ട്‌ തോന്നുന്നത്‌? മാന്നാര്‍ മത്തായില്‍ പറയുന്നതു പോലെ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ.
[ഓഫ്‌ ടോപ്പിക്ക്‌ നിരന്തരം അടിക്കുന്നതിനു നിരന്തര മാപ്പിന്‌ അപേക്ഷ പ്രിയംവദേ]

Unknown said...

ഓഫീസ്‌ ഫയര്‍വാളില്‍ ഒരു പുതിയ കുണ്ടാമണ്ടി ഒപ്പിച്ച്‌ വെച്ചിട്ടുണ്ട്‌, എല്ലാ ദിവസവും ഒരു റിപ്പോര്‍ട്ട്‌ വലിയ മുതലാളിക്ക്‌ കിട്ടും ആരൊക്കെ എന്തോരും ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചെന്ന്, എറ്റവും മികച്ച പ്രകടനം നടത്തിയവര്‍ ആരാ എന്നൊക്കെ ,അതും ഏതൊക്കെ സൈറ്റില്‍ എത്ര നേരം എന്നൊക്കെയുള്ള വിശദമായ വിവരങ്ങളോടെ, സാമ്പിള്‍ ഒരെണ്ണം കണ്ടു, മോശമല്ല പ്രകടനം , ഒന്നാമതു തന്നെയുണ്ട്‌, അതില്‍ പ്രധാന സൈറ്റ്‌ ബ്ലോഗറും, സന്തോഷമായി, സമാധാനമായി! അതു കൊണ്ട്‌ ഓഫീസ്‌ സമയത്ത്‌ ബ്ലോഗിങ്ങ്‌ നിര്‍ത്തുവാനുള്ള ആഗ്രഹവുമായി അങ്ങനെ പിന്മൊഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ 'ദേ സിംഗപ്പൂര്‍' വെച്ചു പിടിച്ചു ഇങ്ങോട്ട്‌!

അപ്പോള്‍ ആദ്യമേ, പ്രിയംവദേ സ്വാഗതം! സിംഗപ്പൂര്‍ ബ്ലോഗന്മാരായി ഇവിടെ കുറച്ച്‌ പേരുണ്ടെല്ലോ. ഒരു പുള്ളീ, സതീഷ്‌, ബഹുവ്രീഹി, പിന്നെ ഞാനും!
പുള്ളിയെ ഇപ്പോള്‍ കാണാറില്ല, അതു പോലെ സതീഷിനേയും! ഇനി എന്റെ ആഫിസ്സില്‍ ഫിറ്റ്‌ ചെയ്ത റിപ്പോര്‍ട്ട്‌ അവരുടെ ആഫീസ്സിലും ഫിറ്റ്‌ ചെയ്തു കാണുമോ? :( ബഹുവ്രീഹിയേ ഇടയ്ക്ക്‌ ബൂലോകത്തില്‍ കാണാം.

കഴിഞ്ഞ ശനിയാഴ്ച്ച ഞാനും കാര്‍ത്തികയില്‍ വന്നു പപ്പടം വാങ്ങിയായിരുന്നു കേട്ടോ!

ഫയര്‍വാള്‍, എന്റെ പണി..
അപ്പോള്‍ ഇനിയും കാണാം.

സപ്തവര്‍ണ്ണങ്ങള്‍
(ബീറ്റാ ബ്ലോഗന്മാരെ കൊണ്ട് തോറ്റു, ഇന്നു മുതല്‍ അവര്‍ക്ക് കമന്റാന്‍ പറ്റുന്നില്ല)
http://saptavarnangal.blogspot.com/

Promod P P said...

ദേവ.. എന്നെ അങ്ങോട്ട് കൊല്ല്
സാക്ഷി അല്ല
പുള്ളി ആണ്
ബഹുവിന്റെ കച്ചേരിയില്‍ മ്‌ര്‍ദംഗം വായിച്ച പുള്ളി..

ഹോ.. ഈ നിക്ക് നേംസിലൂടെ ആളുകളെ ഒര്‍ത്തിരിക്കാനുളള്ള ഒരു പാടേ..

Visala Manaskan said...

പ്രിയംവദക്ക് ബൂലോഗത്തേക്ക് സ്വാഗതം.
നല്ല എഴുത്താണല്ലോ! ആശംസകള്‍.

Viswaprabha said...

പ്രിയംവദേ,

എഴുത്തിന്റെ നെയ്യും പരിപ്പും രുചിച്ചപ്പോള്‍ തന്നെ പ്രിയംവദയാണെന്നു് മനസ്സിലായി. മലയാളം മരിക്കാതിരിക്കാനുള്ള വലിയവലിയ കാരണങ്ങളിലൊന്നാവട്ടെ നാളെ ഈ ഏടും.

പ്രാര്‍ത്ഥന, പ്രതീക്ഷ!

Inji Pennu said...

പ്രിയംവദ ‘ചേച്ചിക്ക്’ സ്വാഗതം. :)
നല്ല രസായിരുന്നു വായിക്കാന്‍.

ലിഡിയ said...

പ്രിയവചനങ്ങള്‍ മാത്രം വദനത്തിലെത്തുന്ന പ്രിയങ്കരി പ്രിയംവദേ,പുതിയ ശാകുന്തളങ്ങള്‍ രചിക്കാന്‍(മലയാളത്തില്‍ ആയിക്കോട്ടെ)എന്റെ അനുഗ്രഹങ്ങള്‍.മംഗളം ഭവന്ദു..(ഇപ്പോ സഹ്യനില്‍ നിന്ന് പുറപെട്ട ഒരു സന്യാസി)

-പാര്‍വതി.

കിരണ്‍സ്..!! said...

പ്രിയംവദേ..കൊള്ളാട്ടോ ? ആ യുവഭാര്യമാര്‍ടെ കാര്യമങ്ങട് കറ കറക്റ്റായി..:)

സ്വാഗതം..!!



qw_er_ty

മുസാഫിര്‍ said...

പ്രിയംവദക്കു സ്വാഗതം.(അനസൂയ വന്നില്ല അല്ലെ)
തുടക്കത്തില്‍ തന്നെ നന്നായി എഴുതിയിട്ടുണ്ടല്ലോ.ഇനി പതിവായി ഇവിടെ കാണാമെന്നു പ്രതീക്ഷിക്കുന്നു.

Siji vyloppilly said...

പ്രിയംവദ ചേച്ചി ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്‌.എങ്കിലും ഒരു സ്വാഗതം എന്റെ വകയും.

പാപ്പാന്‍‌/mahout said...

പ്രിയംവദേ, സംഗതി കൊള്ളാം കേട്ടോ. മക്കളോട് ദേഷ്യം വരുമ്പോള്‍ ശുദ്ധമായ മലയാളം മാത്രം പറയുന്ന ഒരാളാണു ഞാനും :-)