Thursday 14 December 2006

ഇലഞ്ഞി പൂ മണം ഒഴുകി വരുന്നു ..



ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികള്‍ .പല ഇടവഴികളില്‍ കൂടൊഴുകി സ്കൂള്‍ പ്രാധന റോഡില്‍ ഒന്നിച്ചുകൂടി കായലില്‍ പോയി പതിക്കാതെ ആ കായല്‍ കരയിലെ സ്കൂളിലെ രണ്ടാം ബെഞ്ചില്‍ ചെന്നു സ്ഥാനം പിടിക്കും .ഈ പതിവു തെറ്റുന്നതു വെള്ളിയാഴ്ചകളിലാണു.( അന്നു 21/2 മണിക്കൂര്‍ ആണു ലഞ്ച്‌ ബ്രേക്ക്‌) .അല്ലെങ്കില്‍ യൂത്ത്‌ ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളില്‍. അന്നു ഞങ്ങള്‍ ചില raids fix ചെയ്യും . ആരുടെ വീട്ടിലാണു പുളി ,ചാമ്പക്ക ,പേരക്ക എന്നിവ പഴുതു എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ചാണു വെന്യൂ തീരുമാനിക്കുക .മറ്റു സഹോദരികള്‍ ഒറ്റു കൊടുക്കാതിരുന്നല്‍ സംഭവം ഗ്രേറ്റ്‌ വിജയം .



അങ്ങിനെ സസുഖം കഴിയവെ ആ അത്യാഹിതം സംഭവിച്ചു. shuffling -ഇല്‍ പെട്ടു എന്റെ ക്ലാസ്സ്‌ മാറി. ഞാന്‍ ദുഃഖിതയും ഏകാകിയും ആയി മാരി. ഒരു കൃഷ്ണ ഭക്തയെ രക്ഷിക്കാന്‍ ഭഗവാന്‍ രേഷ്മയുടെ രൂപത്തില്‍ അവതരിക്കാന്‍ നിര്‍ബന്ധിതനായി എന്നു വച്ചോളു . എന്നോടു ചറൂ പറ്ര സംസരിക്കുന്ന ,സഹോദരികളൊടു മറുഭാഷ സംസരിക്കുന്ന രേഷ്മ. അതു കൊങ്കിണി ആണെന്നു പില്‍ക്കാലത്തില്‍ കണ്ടെത്തി. റീന,സീന,ലത തുടങ്ങിയ പതിവു പേരുകളില്‍ നിന്നും ,വിരോണിക്ക,മാര്‍ത്ത ,കര്‍മ്മലിത്ത തുദങ്ങിയ പഴ പേരില്‍ നിന്നും തികച്ചും വ്യസ്ത്യസ്ഥമായി romantic ആയ പേരു ,ഹായി.

അതിലും വലിയ ഒരു സന്തോഷം ഉടനേ കണ്ടെത്തി. രേഷ്മയുടെ വാടകവീടിനടുത്തെ ഇലഞ്ഞി മരം ..അടിച്ചുവാരിയിട്ടിരിയ്ക്കുന്ന പൂമുറ്റത്തെ പഞ്ചാര മണലില്‍ പുഷ്പാജ്ഞലിയും ഇലഞ്ഞി പഴ നൈവേദ്യവും അര്‍പ്പിച്ചുകൊണ്ടുനില്‍കുന്ന ആകാശം മുട്ടുന്ന ഇലഞ്ഞി മരം. സ്കൂള്‍ വഴിയില്‍ നിന്നും ചെറിയ ഡൈവേര്‍ഷ്യന്‍ എടുത്താല്‍ കുറച്ചു പൂ പെറുക്കാം ,അല്ലേങ്കില്‍ ചുവന്നു തുടുത്ത പഴങ്ങല്‍ 3-4 എണ്ണം എങ്കിലും കിട്ടാതിരിക്കില്ല..ഈ രഹസ്യം പഴയ കൂട്ടുകാരില്‍ നിന്നും എന്തിനോ മറച്ചുവച്ചു.


അന്നൊരു ശനിയാഴ്ച..സ്കൂള്‍ ആനിവെഴസറി .അതു ചെറിയ ടൗണില്‍ നാട്ടില്‍ ഒരു സംഭവമാണു അന്നു .... കരിമ്പനകളില്‍ ഇല്ലാതിനാല്‍ തെങ്ങൊലകളില്‍ കാറ്റു പിടിച്ച ഉച്ചനേരം..അമ്മ എന്നെ കൂടീ ഉറക്കാന്‍ കിടത്തി. ഇതു പതിവാണു. എന്നാല്‍ എനിക്കു അമ്മയുടെ ഉറക്കത്തിന്റെ ആഴം അളക്കാം. പ്രിയംവദയായി ഉറങ്ങാന്‍ കിടന്ന ഞാന്‍ ഊരുതെണ്ടിയായി ഉണരുന്നു .പടിഞ്ഞറേ പറമ്പില്‍ കളിക്കാന്‍ പോക്കുന്നു .കുട്ടിയും കോലും അല്ലെങ്കില്‍ ഉപ്പിനു പോകുന്ന വഴി ഒക്കെയാണു പോപ്പുലര്‍ ഐറ്റെംസ്‌ .സ്നാക്സ്‌ വേന്നമെന്നു തോന്നുമ്പോള്‍ പാഷന്‍ ഫ്രൂട്ടു ,ബബ്ലൂസ്‌ നാരകമരത്തിനുമുകളില്‍ റസ്റ്റ്‌ എടുക്കല്‍ .കാപ്പി നേരത്തു കിര്‍ത്യമായി വീട്ടില്‍ ഹാജര്‍. ചേച്ചിമാരുടെ ദുഷ്‌പ്രേരണയാല്‍ വഴക്കു കിട്ടും 144 കുറച്ചു കാലം നടപ്പില്‍ വരും , പക്ഷേ ഇളയകുട്ടിയായതിനാല്‍ അമ്മയും അച്ഛനും ഓവര്‍ലി ലീനെയന്റ്‌ എന്നു ചേച്ചിമാരുക്ക് പരാതി.

(ഇന്നെന്റെ മക്കളെ മൊബൈലിന്റെ കാണചരടില്‍ കെട്ടിയിട്ടു മാത്രമെ ഒരു ബെര്‍ത്ത്‌ 'ഡേ പാര്‍ട്ടിയ്ക്കു പോലും വിടാറുള്ളു...ഇവര്‍ക്കൊരു ബാല്യമില്ലാതെ പോയല്ലൊ എന്നു പറഞ്ഞു പരിതപിക്കുന്നതും ഞാന്‍.)

പക്ഷെ അന്നു ഞാന്‍ കുറചു adventurous ആയി കുറച്ചു ദൂരെയുള്ള രേഷ്മയുടെ വീട്ടിലാണു പോയത്‌. കുട്ടികളുടെ ശല്യം ഇല്ല.. ഞങ്ങള്‍ പൂ പെറുക്കി ,നീണ്ട മാല കോര്‍ത്തു. സമയം പോയതറിഞ്ഞില്ല 5 മണി!,ഞാന്‍ വീട്ടിലേക്കു വച്ച്ചു പിടിച്ചു. അന്നാണു ഞാന്‍ വേലി പരുത്തിടെ കമ്പുമായി നില്‍ക്കുന്ന രൗദ്ര ഭീമനെ ആദ്യമായി അടുത്തു കണ്ടതു.
സീന,റീന കൈമലര്‍ത്തി! പിന്നെ എന്നെ പതിവു സ്ഥലങ്ങളിലും കാണാതെ വിരണ്ടിരിക്കുകയാണു വീട്ടുകാര്‍..എങ്കിലും അടിച്ചില്ല, സമ്മാനം മേടിക്കാന്‍ സ്റ്റജില്‍ കേറുമ്പോള്‍ അടീടെ പാടു കാണണ്ട എന്നു വച്ചണൊ ,തിരിച്ചു കിട്ടിയതിലെ സന്തോഷം കാരണമാണൊ അടിച്ചില്ല.....



എന്നാല്‍ അമ്മയുടെ ശത്രുവായ അയല്‍ക്കാരി ടീച്ചര്‍,റീനയുടെ മമ്മി സംഭവം അവസരോചിതമായി കൈകാരിയം ചെയ്തു അന്നു ചീഫ്‌ ഗെസ്റ്റ്‌നെ സ്വീകരിക്കാനുളള്ള അവസരം എന്നില്‍നിന്നും തട്ടിയകറ്റി സ്വന്തം മകള്‍ക്കു സമ്മാനിച്ചു . ഡിവിഷന്‍സ്‌ -ഇല്‍ ഒന്നാമതാവുന്ന കുട്ടികള്‍ക്കു ഉള്ള ഒരു പ്രിവിലീജ്‌ നഷ്ടമാക്കിയതിലായിരുന്നു അമ്മക്കുസങ്കടം (പൊട്ട
ക്കുളത്തില്‍ പുളവന്‍ ഫണീദ്രന്‍!).


ഞാന്‍ ഇതൊന്നും അറിയാതെ ഇലഞ്ഞി പൂ മണത്തില്‍ അലിഞ്ഞു നടക്കുകയായിരുന്നു.



കാലം കടന്നു പോയി. രേഷ്മ പോയി ഞാന്‍ വീണ്ടും പഴയ സംഘത്തില്‍ ജോയിന്‍ ചെയ്തു .വേമ്പനാട്ടു കായലില്‍ കൂടി പിന്നെയും ബോട്ടുകള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി ..ഞാന്‍ തിരുവന്തോരം വഴി സിംഗപൂരിലെത്തിയിട്ടിപ്പോള്‍ വര്‍ഷം ഏഴോ എട്ടൊ.




ഒരു നാള്‍ ...എന്റെ പുതിയ appartment നും ബസ്സ്‌ സ്റ്റോപ്പിനും ഇടക്കുള്ള്‌ വഴിത്താരയില്‍ ചില ചെറിയ തണല്‍ മരങ്ങള്‍ ആരൊ trim ചെയ്യുന്നു ...Praks board - എന്റെ ലീലാവിലാസങ്ങള്‍ എന്നു കരുതി ആഞ്ഞു നടന്നു .പെട്ടെന്നു " ഇലഞ്ഞി പൂ മണം ഒഴുകി വരുന്നു ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു" .. എന്റീശ്വരാ ഈ കൊച്ചു മരങ്ങള്‍ ഇലഞ്ഞിയോ ..എനിക്കു ഇലഞ്ഞി ആകാശം മുട്ടുന്ന മരമാണല്ലൊ..പിന്നെ ആ 18 മരങ്ങളും എന്റെ കൂട്ടുകാരായി. പൂക്കുന്നതും കായ്കുന്നതും കണ്ടു സന്തോഷിച്ചു ..കായ പഴുത്തപ്പോള്‍ ഭയങ്കര വലിപ്പം , ഓറഞ്ചു നിറം. ഒരു കിളിയും കുട്ടിയും ഒന്നും അതിനടുത്തില്ല ..ഫൈനടിക്കാന്‍ ആരും കാണുന്നില്ല എന്നു ഉറപ്പുവരുതി ഞാന്‍ കുറച്ച്‌ പഴങ്ങള്‍ പൊട്ടിച്ചു..ഐയ്യേ വല്ലാത്ത ചവര്‍പ്പും നാവിനൊരു മരവിപ്പും ,വെറുതെയല്ല ഒരു കിളിയെപ്പോലും കാണാത്തെ.



പിന്നീടു ഒരു നാള്‍.. എന്റെ ചെറിയ സല്‍പുത്രി ഒപ്പം ഉണ്ടയിരുന്നു ആ വഴിയില്‍ കൂടെ ..ഞാന്‍ ഒരു പൂവെടുത്തു ബാല്യകാല സ്മരണകളാല്‍ തരളിതമായ ശ്ബദത്തില്‍ പറഞ്ഞു..മോാളെ ..അമ്മയിതു കൊണ്ടു പണ്ടു മാല ഉണ്ടാക്കുമായിരുന്നു ..
അവള്‍ തെല്ലു അവിശ്വനീയത കലര്‍ന്ന സഹതാപത്തോടെ ചോദിച്ചു ..Really?




.

10 comments:

പ്രിയംവദ-priyamvada said...

വായിച്ചവര്‍ ഇതിനു താഴെ വച്ചിരിക്കുന്ന ഹുണ്ടികയില്‍കുറച്ചു കാശ്ശിടണേ.. മധു മുട്ടം (ചില വാചകങ്ങള്‍ മണി ചിത്രത്താഴിലേതു) അങ്ങിനെ ആരേലും സ്യൂ ചെയ്താല്‍ കുറച്ചു സിംഗപൂര്‍ ഡോളേര്‍സ്‌ മണി ഒര്‍ഡര്‍ ആയി അയച്ചു കൊടുക്കാനാണു .




എടതാടന്‍ മുത്തപ്പനു ഫെര്‍മന്റ്‌ ചെയ്തു കഴിച്ചോളാന്‍ പറഞ്ഞു വച്ച കരിക്കു പാഴയില്ല..ആദ്യ പോസ്റ്റ്‌ സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി .കലവറയില്ലാത്ത പ്രോല്‍സാഹനത്തിനു പകരമായി ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു ..എന്റെ പാരഗ്രാഫ്‌ തിരിക്കല്‍ ശരിയവണില്ല ..ആരെങ്കിലും ഒന്നു പറഞ്ഞു തരൊ? പ്രിവ്യൂ -ഇല്‍ correct ആണു

വല്യമ്മായി said...

നല്ല വിവരണം.തുടര്‍ന്നെഴുതൂ

Siju | സിജു said...

റിയലീ ?

നൊസ്റ്റാള്‍ജിക്കലോജിക്കലാക്കി. മതില്‍ ചാടി അടുത്ത വീട്ടില്‍ പോയി ഇലഞ്ഞിപ്പഴം പെറുക്കിയിരുന്നു. ഇപ്പോ ആ സ്ഥാനത്ത് ഒരു വീടാണ്.

പാരഗ്രാഫ് തിരിക്കാന്‍ < br >, < p > (സ്പേസില്ലാതെ) എന്നിവ ഉപയോഗിച്ചു നോക്കിയേ
< br > is for a starting in the new line
< p > is for leaving a line blank and start a new line as a new paragraph

Siju | സിജു said...

ഒരു മിസ്റ്റേക്കന്‍
ആ മരം നിന്നിരുന്നിടത്ത് ഒരു വീടെന്നാ പറഞ്ഞത്
qw_er_ty

രാജ് said...

ഞാന്‍ എല്ലായ്‌പ്പോഴും കരുതും ഈ കമല്‍‌റാം സജീവെന്തിനാണു് ‘ദേവകി നിലയങ്കോടിന്റെ’ ലേഖനങ്ങള്‍/ഓര്‍മ്മക്കുറിപ്പുകള്‍ മാതൃഭൂമിയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നതെന്നു്. സ്ഥിരമായ ഒരു നീരിക്ഷണത്തില്‍ മനസ്സിലാവുന്നതു മലയാളം വായനയില്‍ നൊസ്റ്റാള്‍ജിയയ്ക്കു് ഒരു മിനിമം ഗ്യാരന്റി റീഡര്‍ഷിപ്പ് അവകാശപ്പെടാനായിട്ടുണ്ടു് എന്നാണു് (പിന്നെ സേതു പറഞ്ഞതുപോലെ വായനക്കാര്‍ക്കിപ്പോള്‍ പ്രിയം എഴുത്തുകാരുടെ സാഹിത്യമല്ല മറിച്ചു അവരുടെ തന്നെ ജീവിതത്തിലെ കഥകളാണു് - ഓണപ്പതിപ്പിനു ആരും സേതുവിനോടു് ഇക്കുറി കഥ ചോദിച്ചില്ലത്രെ!)

നല്ല കാര്യമാണു്, പ്രിയംവദയുടെ എഴുത്തും അസ്സലായിട്ടുണ്ടു്.

സു | Su said...

പ്രിയംവദയുടെ കുട്ടിക്കാലഓര്‍മ്മകള്‍ വായിച്ചു. ഇനിയും തുടരൂ. :)

പ്രിയംവദ-priyamvada said...

പെരിങ്ങോടന്‍ മാഷു പറയുന്നതു ശരിയായിരിക്കണം.
ഞാനിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന കെ.രേഖയുടെ സ്നേഹിതനേ സ്നേഹിതനേ അതു സാക്ഷ്യപ്പെടുത്ത്ന്നു. സാമാന്യം പുതിയ എഴുത്തുകാരിയായ രേഖ പെട്ടന്നു തന്നെ
അനുഭവമെഴുത്തിലേക്കു കടന്നിരിക്ക്ന്നു.
പണ്ടൊക്കെ വീട്ടില്‍ strict ക്യൂ പാലിച്ചു വെമ്പലോടെ
കാത്തിരുന്ന വായിച്ചിരുന്ന മാത്രുഭൂമി കാലം.
ഇപ്പൊ ഈ കഥളുടെ twist & trurns ഒന്നും ത്രസിപ്പികുന്നില്ല..പ്രശ്‌നം ആരുടേതയാലും.
ഏങ്കിലും പിന്നെയും പിന്നെയും വായിപ്പിക്കുന്നതു അവരുടെ ശൈലിയും ചില കഥാപത്രങ്ങളും നിരീക്ഷണങ്ങളുമാണു.

സേതുവിന്റെ കൈ മുദ്ര, ആറാമത്തെ പെണ്‍കുട്ടി..ഇയിടെ
ആണു വായിച്ചതു.വളരെ വിരസമായീ തോന്നി.

പ്രശസ്‌തര്‍ക്കു ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണവും തേടുന്ന പ്രവണത ഈ ടിവി മീഡിയ ഒക്കെ പാലൂട്ടി വളര്‍ത്തിയിരിക്കുന്നു. അതാണിപ്പോള്‍ എന്നെപോലുള്ളവര്‍ "കണ്ണാന്തളി പൂക്കള്‍"ഒക്കെ പിന്നെയും തിരഞ്ഞു പോവുന്നതു.

പുതിയ തലമുറ വായിക്കുന്നുണ്ടോ ? അതൊ davinci code,harry potter ഇല്‍ കുടുങ്ങിയിരിക്കുകയാണോ..മുറി നിരയെ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സഹിത്യപ്രേമികളുടെ മക്കള്‍ പോലും, എന്നു ഒരു കൂട്ടുകാരി പറഞ്ഞു..ശരിയാവതിരിക്കട്ടെ . infosys മിനിമം ഗ്യാരന്റിയായി കരുതുന്ന മലയാളി സമൂഹത്തെ കുറ്റപ്പെടുത്താന്‍ എനിക്കും കഴിയില്ല.

അഭിപ്രായം പറഞ്ഞതിനു എല്ലാവര്‍ക്കും നന്ദി! noted the points:-).

reshma said...

രണ്ട് കൊങ്കിണി ഡയലോഗറിയാമായിരുന്നെങ്കില്‍ പ്രിയംവദയെ ഒന്ന് ചെറുങ്ങനെ ഞെട്ടിക്കായിരുന്നു:)

കുറിപ്പിഷ്ടായി ട്ടോ.

പ്രിയംവദ-priyamvada said...

പിന്നെയും രേഷ്മ!

smitha adharsh said...

അയ്യോ..ഇതിപ്പോഴാ വായിച്ചേ...ഇഷ്ടപ്പെട്ടു..ഇലഞ്ഞിപ്പൂ മണം എനിക്കും കിട്ടി.