രുചിയുമായി ബന്ധപ്പെടുത്തി ഭക്ഷിക്കാന്‍ മാത്രം തയ്യാറാവുന്ന കുട്ടികള്‍ , ജീവിതം സമ്മര്‍ദ്ദഭരിതം;ആകയാല്‍ ജീവരക്തം അനുദിനം സ്നേഹപൂര്‍ണവും മധുരോദാരവും ആയികൊണ്ടിരിക്കുയും ചെയ്യുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന മുതിര്‍ന്നവര്‍, ചിരപരിചിതമായ അടുക്കള വിഭവങ്ങളുക്കു ലഭ്യതാ പരിമിതികള്‍ ഉള്ള ഒരു മറുനാടന്‍ മാര്‍കെറ്റ് ,അടുക്കള സഹായികളുടെ അഭാവം, ഓഫീസ് തിരക്കുകള്‍ ,അതിഥികള്‍ എന്നിവ ഒക്കെയും ഒരു ജഗ്ഗ്‌ളറുടെ മനഃസ്സാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥയിലും ആരോഗ്യകരമായ ഒരു പാചശൈലി പിന്തുടരണം എന്നുള്ള തീവ്രമായ ആഗ്രഹങ്ങളും അനേഷണങ്ങളും അവസാനിക്കുന്നതു പലപ്പൊഴും കൂട്ടു മുന്നണികളിലാണു..
സിംഹപുരിയുടെ കാര്യം പറഞ്ഞാല്‍ അനേകായിരം ഫുഡ് കോര്‍ട്ടുകള്‍ പിട്‌സ , ഡെലിവറികള്‍ ..ബഹുരാഷ്ടകുത്തകള്‍ കീഴടക്കുന്ന രസമുകുളങ്ങള്‍ എന്നൊക്കെയുള്ള വേറേയും ഭീഷണികള്‍ മറി കടന്നുവേണം വീട്ടു ഭക്ഷണമേശയിലേക്കു കുടുംബത്തെ ആവാഹനം ചെയ്യേണ്ടതു.
മാംസഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും കുട്ടികള്‍അറിയാതെ തന്നെ പച്ചക്കറികള്‍ അകത്തെത്തിക്കാനും ഞാന്‍ എപ്പോഴും ഒറ്റകക്ഷികളെ ഉപേക്ഷിച്ചു കൂട്ടുമുണണികളെയാണു ആശ്രയിക്കുക. പച്ചക്കറികള്‍ പാത്രത്തിന്റെ അരികിലേക്കു നീക്കി വയ്‌ക്കാതിരിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം.
അപൂര്‍വമായിമാത്രമെ ചിക്കെന്‍ തനിയെ വയ്ക്കാറുള്ളു...ബ്രൊക്കോളി , കാപ്സിക്കും,വഴുതങ്ങ , ചീര (അതു പോലത്തെ ഇലകള്‍) എന്നിങ്ങനെ ആയിരത്തി എട്ടു കൊംബിനേഷന്‍ പരീക്ഷിക്കാവുന്നതാണു. പച്ചക്കറികള്‍ തനിയെ വഴറ്റി അവസാനം ചേര്‍ക്കുകയാവും വേവ്വു വ്യത്യാസം ക്രമീകരിക്കാന്‍ നന്നു .. വറുത്തരച്ചു വയ്ക്കുന്ന ചിക്കെന്‍ -മട്ടന്‍ കറികളില്‍ ശീമ ചക്ക ,ഇടിചക്ക എന്നിവ് ചേര്‍ക്കാം ,നാരുകളുടെ അളവു കൂടും..പണ്ടു വല്ലപ്പൊഴും മട്ടന്‍ കറിവയ്ക്കുമ്പോള്‍ കുമ്പളങ്ങ (ഇളവന്‍) കിട്ടിയില്ലെങ്കില്‍ അമ്മ ഇതികര്‍ത്തവ്യതാമൂഡയായിരിക്കുന്നതു കണ്ടിട്ടു അതു അളവുതികയ്ക്കാണുള്ള വേവലാതി മാത്രമാണെന്നാണു ഞാന്‍ അന്നു കരുതിയിരുന്നതു..പഴയ കൊംബിനേഷന്‍സ് സാമ്പത്തികമായും ആരോഗ്യപരമായും നന്നു എന്നു ഇപ്പോള്‍ തോന്നുന്നു.
ബിരിയാണിയില്‍ കാരട്ടു,പീസ്, തുടങ്ങിയവ ലോഭമന്യെ ചേര്‍ക്കാം.. കട്ട്‌ലെട്ടുകളില്‍ ബീറ്റ്‌റൂട്ട് , ഉരുളകിഴങ്ങു ,പീസ് ഒക്കെ ചേര്‍ത്താലും കുട്ടികള്‍ സസന്തോഷം കഴിക്കും.(വിരുന്നുകാര്‍ ഉള്ളപ്പോള്‍ ഒറ്റ കഷികള്‍ തന്നെ വേണ്ടിവരും.അല്ലെങ്കില്‍ ചിലപ്പോള്‍ പിശുക്കാണെന്നാവും ചിലര്‍ ധരിക്കുക)
പ്രോണ്‍സ്(കൊഞ്ചു/ചെമ്മീന്‍) ഒരു വിധം എല്ലാ പച്ചക്കറികളോടും പരിഭവമില്ലാതെ ചേര്‍ന്നു പോവും .കായ,അച്ചിങ്ങ,പീച്ചിങ്ങ ,ചക്കകുരു തുടങ്ങിയ നാടന്‍ പച്ചക്കറികളോടും ബ്രൊക്കോളി,കാപ്സിക്കം തുടങ്ങിയ ആധുനികരോടും. ഇതു പുതിയ കണ്ടുപിടത്തമൊന്നുമല്ല കെട്ടൊ,എന്റെ കുട്ടിക്കാലത്തു ഇന്നെന്താ കൂട്ടാന്‍ എന്ന അയല്‍കാരി ചേടത്തിമാരുടെ പുലര്‍കാല അഭിവാദനങ്ങളില്‍ പല തവണ കേട്ടിട്ടുള്ളതാണു ..ചെമ്മീനും ,പീച്ചിങ്ങയും ചെമ്മീനും കായും എന്നൊക്കെ..
തുളസിയില തായ് പാചകങ്ങളില്‍ പ്രോന്‍സിനും ബീഫിനുമൊപ്പം ചേര്‍ക്കാറുണ്ടു, ഒരു ഫ്ലേവര്‍ ആയി അല്ല,ഒരു കോമ്പിനേഷന്‍ ആയി തന്നെ.
മുട്ടയാണു പ്രോന്‍സുമായി ഈ കാര്യത്തില്‍ മല്‍സരിക്കാനുള്ളതു...ഒട്ടുമിക്ക ഇലകറികളിലും മുട്ട ചേര്‍ക്കുന്നതു അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കും,വിശേഷിച്ചു കുട്ടികളുക്കു.. കാബ്ബേജ്,മുരിങ്ങിയില ,വാട്ടര്‍ ക്രെസ്സ് ,ചീര എന്നിവയുടെ തോരന്‍ ബാകി വന്നാല്‍ രാത്രിയില്‍ ഒരു മുട്ട കൂടി ചേര്‍ത്തു വഴറ്റി എടുത്താല്‍ അതു ലെഫ്റ്റ് ഓവര്‍ കറികളുക്കു ഒരു പുതുജീവന്‍ കൊടുക്കും .കുട്ടികള്‍ കൂട്ടാന്‍ മടിയ്ക്കുന്ന വെണ്ടയക്ക,എങ്ങനെ പാചകം ചെയ്യണമെന്നു വല്യ പിടിയില്ലാത്ത ഇലകള്‍ (ഇവിടെ അങ്ങിനെ കുറെ തരം ഇലകള്‍ കിട്ടും) ഒക്കെ ഇങ്ങനെ {camouflage} നടത്തി കഴിപ്പിക്കാം

ചമ്മന്തി /ചറ്റ്‌ണികള്‍ നിര്‍മാണത്തില്‍ തേങ്ങയുടെ ഉപയോഗം കുറയ്ക്കാന്‍ ഒരു പാടു വഴികളുണ്ടു.ധാരാളം ഇഞ്ചി ,ചെറിയ ഉള്ളി,റ്റൊമാറ്റൊ ,ചില പച്ചകറികള്‍ ( കോവയ്ക്ക, ഫ്ലറ്റ് ബീന്‍സ് ) ,മല്ലിയില ,കറിവേപ്പില എന്നിവ വഴറ്റി അല്‍പ്പം തേങ്ങ ചേര്‍ത്തോ ചേര്‍ക്കാതെയൊ ചമ്മന്തികള്‍ സൃഷ്ടിക്കാം. ഇഞ്ചി കൂടുതല്‍ ചേര്‍ക്കുന്നതിനാല്‍ ഇഡ്ലിദോശയുടെ ഒരു ഉപോല്‍പ്പന്നമായ ഗ്യാസിനെതിരെയും ഫലപ്രദമാണു. ചിലപ്പോഴെല്ലാം എള്ളു ,ഉഴുന്നു ഇവ വറുത്തു മല്ലിയില ചേര്‍ത്തു ചമ്മന്തി അരച്ചാണു സസ്യാഹാരികളായ അതിഥികളെ പ്രീതിപ്പെടുത്താറു. പലവിധത്തില്‍ പരീക്ഷണം നടത്തി 'ഡിസൈനര്‍ ചമന്തികള്‍ ഉണ്ടാക്കാവുന്നതെയുള്ളു. ദോശകളിലും കോംബിനേഷന്‍ പരീക്ഷിക്കാം ,ചെറുപയര്‍,പരിപ്പു എന്നിവ ചേര്‍ത്തരച്ച അട ദോശകള്‍ ഇടയക്കു ഒക്കെ ആകാം.
ഓലന്‍ ,എരിശ്ശെരി, കൂട്ടുകരി, പയറൊ പരിപ്പൊ ചേര്‍ത്ത ചീര ,വഴകൂമ്പ്,ഉണ്ണിപിണ്ടി തുടങ്ങിയ കേരളത്തിന്റെ തനതു(?) വെജെറ്റെറിയന്‍ കറികളില്‍ മാംസ്യ-സസ്യ കൂട്ടുകെട്ടു ശക്തം.
സാലഡുകളില്‍ മുളപ്പിച്ച പയര്‍ ചേര്‍ത്തു അതിനെ കൂടുതല്‍ പോഷക സമൃദ്ധമാക്കാം.
എണ്ണയാണു ഇപ്പോള്‍ മറ്റൊരു കൂട്ടുകക്ഷി, സൂര്യകാന്തി എണ്ണയും ഒലിവ് ഓയില്‍ ചേര്‍ന്ന കൊംബിനേഷന്‍ ഇപ്പോള്‍ മര്‍ക്കെറ്റില്‍ ലഭ്യമാണു , സസ്യേതര പാചകങ്ങളില്‍ രുചിഭെദം അത്രയ്ക്കു അനുഭവപ്പെടാറില്ല.
സമര്‍പ്പണം..ചേട്ടനു രണ്ടുദിവസം ബ്രെഡും ഉണ്ടാക്കികൊടുത്തു വല്ലോം എഴുതിയിടൂ എന്നു പറഞ്ഞ ഒരു അനിയത്തിക്കുള്ള ഒരു പ്രതികാരം