Thursday 19 June 2008

അടുക്കളരാഷ്ട്രീയം (സസ്യേതരം)

ഇതൊരു പാചകകുറിപ്പല്ല..നമ്മുടെ നാടു പോലെ തന്നെ അടുക്കളയും ഇപ്പോള്‍ കൂട്ടു മുന്നണികളാണു ഭരിക്കുന്നതു എന്നൊരു അതിഥി സൂചിച്ചപ്പോഴാണു ഞാനും ശ്രദ്ധിക്കുന്നതു .. ചിലതെങ്കിലും ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ നല്ലതല്ലെ എന്നു കരുതി ഇവിടെ ചിലതു കുറിക്കുന്നു....ഇതൊരു ബാര്‍ട്ടര്‍ സിസ്റ്റം ആണുകെട്ടൊ ..നിങ്ങളുടെ രീതികള്‍ പങ്കു വച്ചാല്‍ പരസ്പരം പ്രയോജനകരം ആവും:)


രുചിയുമായി ബന്ധപ്പെടുത്തി ഭക്ഷിക്കാന്‍ മാത്രം തയ്യാറാവുന്ന കുട്ടികള്‍ , ജീവിതം സമ്മര്‍ദ്ദഭരിതം;ആകയാല്‍ ജീവരക്തം അനുദിനം സ്നേഹപൂര്‍ണവും മധുരോദാരവും ആയികൊണ്ടിരിക്കുയും ചെയ്യുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന മുതിര്‍ന്നവര്‍, ചിരപരിചിതമായ അടുക്കള വിഭവങ്ങളുക്കു ലഭ്യതാ പരിമിതികള്‍ ഉള്ള ഒരു മറുനാടന്‍ മാര്‍കെറ്റ്‌ ,അടുക്കള സഹായികളുടെ അഭാവം, ഓഫീസ്‌ തിരക്കുകള്‍ ,അതിഥികള്‍ എന്നിവ ഒക്കെയും ഒരു ജഗ്ഗ്‌ളറുടെ മനഃസ്സാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥയിലും ആരോഗ്യകരമായ ഒരു പാചശൈലി പിന്തുടരണം എന്നുള്ള തീവ്രമായ ആഗ്രഹങ്ങളും അനേഷണങ്ങളും അവസാനിക്കുന്നതു പലപ്പൊഴും കൂട്ടു മുന്നണികളിലാണു..സിംഹപുരിയുടെ കാര്യം പറഞ്ഞാല്‍ അനേകായിരം ഫുഡ്‌ കോര്‍ട്ടുകള്‍ പിട്‌സ , ഡെലിവറികള്‍ ..ബഹുരാഷ്ടകുത്തകള്‍ കീഴടക്കുന്ന രസമുകുളങ്ങള്‍ എന്നൊക്കെയുള്ള വേറേയും ഭീഷണികള്‍ മറി കടന്നുവേണം വീട്ടു ഭക്ഷണമേശയിലേക്കു കുടുംബത്തെ ആവാഹനം ചെയ്യേണ്ടതു.മാംസഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും കുട്ടികള്‍അറിയാതെ തന്നെ പച്ചക്കറികള്‍ അകത്തെത്തിക്കാനും ഞാന്‍ എപ്പോഴും ഒറ്റകക്ഷികളെ ഉപേക്ഷിച്ചു കൂട്ടുമുണണികളെയാണു ആശ്രയിക്കുക. പച്ചക്കറികള്‍ പാത്രത്തിന്റെ അരികിലേക്കു നീക്കി വയ്‌ക്കാതിരിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം.

അപൂര്‍വമായിമാത്രമെ ചിക്കെന്‍ തനിയെ വയ്ക്കാറുള്ളു...ബ്രൊക്കോളി , കാപ്സിക്കും,വഴുതങ്ങ , ചീര (അതു പോലത്തെ ഇലകള്‍) എന്നിങ്ങനെ ആയിരത്തി എട്ടു കൊംബിനേഷന്‍ പരീക്ഷിക്കാവുന്നതാണു. പച്ചക്കറികള്‍ തനിയെ വഴറ്റി അവസാനം ചേര്‍ക്കുകയാവും വേവ്വു വ്യത്യാസം ക്രമീകരിക്കാന്‍ നന്നു .. വറുത്തരച്ചു വയ്ക്കുന്ന ചിക്കെന്‍ -മട്ടന്‍ കറികളില്‍ ശീമ ചക്ക ,ഇടിചക്ക എന്നിവ്‌ ചേര്‍ക്കാം ,നാരുകളുടെ അളവു കൂടും..പണ്ടു വല്ലപ്പൊഴും മട്ടന്‍ കറിവയ്ക്കുമ്പോള്‍ കുമ്പളങ്ങ (ഇളവന്‍) കിട്ടിയില്ലെങ്കില്‍ അമ്മ ഇതികര്‍ത്തവ്യതാമൂഡയായിരിക്കുന്നതു കണ്ടിട്ടു അതു അളവുതികയ്ക്കാണുള്ള വേവലാതി മാത്രമാണെന്നാണു ഞാന്‍ അന്നു കരുതിയിരുന്നതു..പഴയ കൊംബിനേഷന്‍സ്‌ സാമ്പത്തികമായും ആരോഗ്യപരമായും നന്നു എന്നു ഇപ്പോള്‍ തോന്നുന്നു.
ബിരിയാണിയില്‍ കാരട്ടു,പീസ്‌, തുടങ്ങിയവ ലോഭമന്യെ ചേര്‍ക്കാം.. കട്ട്‌ലെട്ടുകളില്‍ ബീറ്റ്‌റൂട്ട്‌ , ഉരുളകിഴങ്ങു ,പീസ്‌ ഒക്കെ ചേര്‍ത്താലും കുട്ടികള്‍ സസന്തോഷം കഴിക്കും.(വിരുന്നുകാര്‍ ഉള്ളപ്പോള്‍ ഒറ്റ കഷികള്‍ തന്നെ വേണ്ടിവരും.അല്ലെങ്കില്‍ ചിലപ്പോള്‍ പിശുക്കാണെന്നാവും ചിലര്‍ ധരിക്കുക)
പ്രോണ്‍സ്‌(കൊഞ്ചു/ചെമ്മീന്‍) ഒരു വിധം എല്ലാ പച്ചക്കറികളോടും പരിഭവമില്ലാതെ ചേര്‍ന്നു പോവും .കായ,അച്ചിങ്ങ,പീച്ചിങ്ങ ,ചക്കകുരു തുടങ്ങിയ നാടന്‍ പച്ചക്കറികളോടും ബ്രൊക്കോളി,കാപ്സിക്കം തുടങ്ങിയ ആധുനികരോടും. ഇതു പുതിയ കണ്ടുപിടത്തമൊന്നുമല്ല കെട്ടൊ,എന്റെ കുട്ടിക്കാലത്തു ഇന്നെന്താ കൂട്ടാന്‍ എന്ന അയല്‍കാരി ചേടത്തിമാരുടെ പുലര്‍കാല അഭിവാദനങ്ങളില്‍ പല തവണ കേട്ടിട്ടുള്ളതാണു ..ചെമ്മീനും ,പീച്ചിങ്ങയും ചെമ്മീനും കായും എന്നൊക്കെ..തുളസിയില തായ്‌ പാചകങ്ങളില്‍ പ്രോന്‍സിനും ബീഫിനുമൊപ്പം ചേര്‍ക്കാറുണ്ടു, ഒരു ഫ്ലേവര്‍ ആയി അല്ല,ഒരു കോമ്പിനേഷന്‍ ആയി തന്നെ.മുട്ടയാണു പ്രോന്‍സുമായി ഈ കാര്യത്തില്‍ മല്‍സരിക്കാനുള്ളതു...ഒട്ടുമിക്ക ഇലകറികളിലും മുട്ട ചേര്‍ക്കുന്നതു അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കും,വിശേഷിച്ചു കുട്ടികളുക്കു.. കാബ്ബേജ്‌,മുരിങ്ങിയില ,വാട്ടര്‍ ക്രെസ്സ്‌ ,ചീര എന്നിവയുടെ തോരന്‍ ബാകി വന്നാല്‍ രാത്രിയില്‍ ഒരു മുട്ട കൂടി ചേര്‍ത്തു വഴറ്റി എടുത്താല്‍ അതു ലെഫ്റ്റ്‌ ഓവര്‍ കറികളുക്കു ഒരു പുതുജീവന്‍ കൊടുക്കും .കുട്ടികള്‍ കൂട്ടാന്‍ മടിയ്ക്കുന്ന വെണ്ടയക്ക,എങ്ങനെ പാചകം ചെയ്യണമെന്നു വല്യ പിടിയില്ലാത്ത ഇലകള്‍ (ഇവിടെ അങ്ങിനെ കുറെ തരം ഇലകള്‍ കിട്ടും) ഒക്കെ ഇങ്ങനെ {camouflage} നടത്തി കഴിപ്പിക്കാം

ചമ്മന്തി /ചറ്റ്‌ണികള്‍ നിര്‍മാണത്തില്‍ തേങ്ങയുടെ ഉപയോഗം കുറയ്ക്കാന്‍ ഒരു പാടു വഴികളുണ്ടു.ധാരാളം ഇഞ്ചി ,ചെറിയ ഉള്ളി,റ്റൊമാറ്റൊ ,ചില പച്ചകറികള്‍ ( കോവയ്ക്ക, ഫ്ലറ്റ്‌ ബീന്‍സ്‌ ) ,മല്ലിയില ,കറിവേപ്പില എന്നിവ വഴറ്റി അല്‍പ്പം തേങ്ങ ചേര്‍ത്തോ ചേര്‍ക്കാതെയൊ ചമ്മന്തികള്‍ സൃഷ്ടിക്കാം. ഇഞ്ചി കൂടുതല്‍ ചേര്‍ക്കുന്നതിനാല്‍ ഇഡ്ലിദോശയുടെ ഒരു ഉപോല്‍പ്പന്നമായ ഗ്യാസിനെതിരെയും ഫലപ്രദമാണു. ചിലപ്പോഴെല്ലാം എള്ളു ,ഉഴുന്നു ഇവ വറുത്തു മല്ലിയില ചേര്‍ത്തു ചമ്മന്തി അരച്ചാണു സസ്യാഹാരികളായ അതിഥികളെ പ്രീതിപ്പെടുത്താറു. പലവിധത്തില്‍ പരീക്ഷണം നടത്തി 'ഡിസൈനര്‍ ചമന്തികള്‍ ഉണ്ടാക്കാവുന്നതെയുള്ളു. ദോശകളിലും കോംബിനേഷന്‍ പരീക്ഷിക്കാം ,ചെറുപയര്‍,പരിപ്പു എന്നിവ ചേര്‍ത്തരച്ച അട ദോശകള്‍ ഇടയക്കു ഒക്കെ ആകാം.


ഓലന്‍ ,എരിശ്ശെരി, കൂട്ടുകരി, പയറൊ പരിപ്പൊ ചേര്‍ത്ത ചീര ,വഴകൂമ്പ്‌,ഉണ്ണിപിണ്ടി തുടങ്ങിയ കേരളത്തിന്റെ തനതു(?) വെജെറ്റെറിയന്‍ കറികളില്‍ മാംസ്യ-സസ്യ കൂട്ടുകെട്ടു ശക്തം.സാലഡുകളില്‍ മുളപ്പിച്ച പയര്‍ ചേര്‍ത്തു അതിനെ കൂടുതല്‍ പോഷക സമൃദ്ധമാക്കാം.

എണ്ണയാണു ഇപ്പോള്‍ മറ്റൊരു കൂട്ടുകക്ഷി, സൂര്യകാന്തി എണ്ണയും ഒലിവ്‌ ഓയില്‍ ചേര്‍ന്ന കൊംബിനേഷന്‍ ഇപ്പോള്‍ മര്‍ക്കെറ്റില്‍ ലഭ്യമാണു , സസ്യേതര പാചകങ്ങളില്‍ രുചിഭെദം അത്രയ്ക്കു അനുഭവപ്പെടാറില്ല.സമര്‍പ്പണം..ചേട്ടനു രണ്ടുദിവസം ബ്രെഡും ഉണ്ടാക്കികൊടുത്തു വല്ലോം എഴുതിയിടൂ എന്നു പറഞ്ഞ ഒരു അനിയത്തിക്കുള്ള ഒരു പ്രതികാരം

14 comments:

പ്രിയംവദ-priyamvada said...

ആദ്യത്തെ കമന്റ്‌ ഞാന്‍ തന്നെ ഇടാം
ആ ചേട്ടനേം പിള്ളാരേം സമ്മതിക്കണം!
"
വെറേ വല്ലതുമുണ്ടെങ്കില്‍ എഴുതണെ ;)

Inji Pennu said...

ഇതൊക്കെ തന്നെ എല്ലായിടത്തേം സൂത്രങ്ങള്‍ :)
ചപ്പാത്തിയില്‍ മേത്തി ഇല മസ്റ്റ്. പിന്നെ എല്ലാം അരക്കത്സാണ്. കളര്‍ മാറിയിക്കുമ്പൊ മാത്രം ഇതെന്താ ഇങ്ങിനേ എന്ന് ചോദിക്കൂളൂ. എന്നാലും ടേസ്റ്റുണ്ടെങ്കില്‍ കഴിക്കും. പ്രധാന പരിപാടി കട്ടിയുള്ള വെജറ്റബിള്‍ സൂപ്പിണ്ടാക്കും, അതില്‍ എന്നിട്ട് ചൊറ് ഇട്ട് ഒന്ന് തിളപ്പിച്ച് കഞ്ഞി പോലെ കൊടുക്കും. പിന്നെ മുളപ്പിച്ച് പയറോണ്ട് കഞ്ഞി. പിന്നെ അവിയല്‍ മിക്കവര്‍ക്കും ഇഷ്ടമുള്ളതുകൊണ്ട് അത് മസ്റ്റാണ്. അതോണ്ട് കൊറേ കഴിക്കും.

എണ്ണ കോമ്പിനേഷന്‍ നല്ലതാണോ? എനിക്കങ്ങിനെ പരീക്ഷിക്കാന്‍ ഇഷ്ടമല്ല. ഒലീവ് ഓയില്‍ ആണ് പ്രധാനം, അത് കഴിഞ്ഞാ വെള്ളിച്ചെണ്ണയും. അധികം എണ്ണയിടാണ്ട് ഒപ്പിക്കും വിരുന്നുകാരില്ലെങ്കില്‍ താളിക്കത്സ് പരിപാടി ഒക്കെ ഒഴിവാക്കും. ഇറച്ചി തന്നെ ഒരുമിച്ച് എല്ലാം കൂടി ഇട്ട് വേവിക്കും, അല്ലാതെ ആദ്യം ഉള്ളി വഴറ്റാന്‍ ഒന്നും നിക്കില്ല. അതൊക്കെ വിരുന്നുകാരു വരുമ്പൊ. :)

നന്ദു said...

ലേഡീസ് ഒൺലി അല്ലല്ലോ അല്ലെ?
പ്രിയംവദ പ്രസക്തമായ പോസ്റ്റ്. ഇന്ന് ആഹാരകാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കുന്നത് രക്തസമ്മർദ്ദമോ പ്രമേഹമോ ഒക്കെ വരുമ്പോൾ മാത്രമാണ്. അതുവരെ വാരിവലിച്ച് കഴിക്കും. ഭക്ഷണം ക്രമീകരിക്കുമ്പൊൾ എപ്പോഴും പച്ചക്കറികൾക്ക് പ്രാമുഖ്യം കൊടുക്കുന്നതു തന്നെയാണ് നല്ലത്. കഴിയുന്നതും അധികം വേവിക്കാതെ.

ഇലവർഗ്ഗങ്ങൾ കൂടുതലായി മെനുവിൽ ഉണ്ടായാൽ നന്ന്. നാട്ടിൽ ചീരയും, മുരിങ്ങയിലയും ഒക്കെ പണ്ട് ധാരാളമായി ലഭിച്ചിരുന്നു സ്വന്തം പറമ്പിൽ തന്നെ കൃഷി ചെയ്തിരുന്നു. ഇന്നതൊക്കെ മാറിയില്ലെ, എന്നാലും ടെറസ്സിൽ അൽ‌പ്പം സ്ഥലം ഉള്ളവർക്കിത്തിരി ചീരയൊക്കെ വച്ചുപിടിപ്പിക്കാവുന്നതെയുള്ളൂ.

ശരീരത്തിനു മാംസ്യം ലഭിക്കാൻ മാംസം തന്നെ ഭക്ഷിക്കണം എന്നില്ലല്ലോ?. പയറുവർഗ്ഗങ്ങളും അതുപോലെയുള്ളവ പോരെ?.

ഈയിടെ എന്നോട് ഒരു ഡോക്റ്റർ പറഞ്ഞതാണ് കുക്കുമ്പറും, കാരറ്റും ഇലയും ഒക്കെ ചേർത്ത 1 കിലോ സലാഡും ഒരു ആപ്പിളോ ഓറഞ്ചോ എന്തെങ്കിലും പിന്നെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളവും മതി ദിവസവും എന്തിനാ ഈ ചോറൊക്കെ വലിച്ച് കേറ്റണേന്ന്?.
പക്ഷെ നമുക്ക് (പ്രത്യേകിച്ചും കേരളക്കാർക്ക്) വയറു നിറയെ ചോറൂം കറികളൂം നിറച്ചില്ലെങ്കിൽ ഒന്നും കഴിച്ചില്ലാ എന്ന തോന്നലാണൂണ്ടാവുക!!.

എന്തായാലും പ്രിയംവദ നല്ല പോസ്റ്റ് :)

Unknown said...

പണ്ടൊക്കെ അടുക്കളയില്‍ അമ്മായമ്മയും മരുമോളും തമ്മിലായിരുന്നു അടി.ഇപ്പോ ഭക്ഷണപദാര്‍ഥങ്ങള്‍ തമ്മിലായി ഏതായാലും ആരോഗ്യപരിപാലനത്തിന് ഉതുകുന്ന നല്ല പോസ്റ്റ്

ശാലിനി said...

അടുക്കള രാഷ്ട്രീയം കൊള്ളാമല്ലോ. പലതും പുതിയ അറിവുകളാണ്, പരീക്ഷിക്കണം.

Kaithamullu said...

ഭക്ഷണത്തെപ്പറ്റി പറയാന്‍ തുടങ്ങിയാലെറെ.....

അല്ല, സലാഡിനോട് എന്താ മല്ലൂസിനിത്ര അകല്‍ച്ച? വിരുന്നുകാര്‍ക്ക് ഞാന്‍ സ്ഥിരമായി സലാഡ് സെര്‍വ് ചെയ്യും. പക്ഷെ ചിലര്‍ ആ ഭാഗത്തേക്ക് നോക്കുകയെ ഇല്ല.

സലാഡ് എന്ന് പറഞ്ഞാല്‍ അവര്‍ക്കൊക്കെ ഉള്ളിയും തക്കാളിയും ചെറുതായരിഞ്ഞ് അതിലല്പം തൈരും ചേര്‍ത്ത ‘സര്‍ലാസ്‘ (റൈത പോലെ)എന്ന സാധനമാണ്.

കുകുംബര്‍, സവാള, തക്കാളി, കാരറ്റ്, ക്യാബേജ്, ഗ്രീന്‍ ലീവ്സ് തുടങ്ങിയ പച്ചക്കറികള്‍ ഒന്നിച്ചരിഞ്ഞ് (ഇല്ലെങ്കില്‍ ഉള്ളവ മാത്രം)അതിലിത്തിരി ചെറുനാരങ്ങാനീരും ഉപ്പും കുരുമുളക് പൊടിയും വിതറിയാല്‍ ഉഗ്രന്‍ സലാഡ്. വയറിനും ആരോഗ്യത്തിനും അത്യുത്തമം.

പിള്ളേര്‍ തിന്നാന്‍ വിമുഖത കാണിച്ചാല്‍ അല്പം മയൊണൈസ് ആകാം. അല്ലെങ്കില്‍ തൈര്.

ഇതില്‍ സ്റ്റീം ചെയ്ത വെജിറ്റബിത്സ്, ബാക്കി വന്ന ചിക്കനോ മട്ടനോ ബീഫോ ഓമ്‌ലെറ്റൊ ഒക്കെ ചെറുതായരിഞ്ഞിട്ടാല്‍ എത്ര സുന്ദരം, മനോഹരം!

പല നിറങ്ങളിലുള്ള ക്യാപ്സിക്കം അരിഞ്ഞിട്ട് വര്‍ണപ്പകിട്ടേകാം. ഫ്രൂട്ട്സ് കൊണ്ട് അലങ്കരിക്കാം.
ലെറ്റ്യൂസ് ലീവ്സ്ന്റെ ബെഡ്ഡില്‍ സെര്‍വ് ചെയ്യാം.

ഇതൊക്കെ ഞാനെന്റെ ബ്ലോഗില്‍ എഴുതിയിട്ടുള്ളതാ. എന്നാലും പ്രിയയുടെ എഴുത്ത് വളരെ കാലികമായത് കൊണ്ട് വിണ്ടും പറയാമെന്ന് വച്ചു.

ഈ കമെന്റ് സലാഡില്‍ ഒതുക്കുന്നു.

(ആ ചേച്ചിയേം പിള്ളേരേം സമ്മതിക്കണം!)

വല്യമ്മായി said...

പരീക്ഷണങ്ങള്‍ പങ്കുവെച്ചതിനു നന്ദി പ്രിയം‌വദ,കൈതമുള്ളിനും നന്ദി.

jinsbond007 said...

എന്റെ അഭിപ്രായത്തില്‍ ചേച്ചി ഒരു റെസ്റ്റോറന്റു തുടങ്ങണം. അല്ലാതെ എന്നെപ്പൊലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഇതെവിടുന്നു കഴിക്കാനാ!

ഒരു കഷണം മാത്രം വച്ചാ കൂട്ടാനൊന്നുമുണ്ടാവില്ലെ എന്നു ഞാനൊരിക്കലമ്മയോടു ചോദിച്ചിട്ടുണ്ട്. അമ്മ മറുപടിയൊന്നും പറഞ്ഞില്ല (അല്ലെങ്കിലും എന്നോടു തര്‍ക്കിച്ചു തോല്‍ക്കുന്നതമ്മയ്ക്കിഷ്ടമല്ല!). ഇപ്പോഴല്ലെ കാര്യങ്ങളൊക്കെ പിടികിട്ടിവരുന്നത്. പിന്നെ എന്തുപറഞ്ഞാലും, എല്ലാ കറിയിലും ഈ പറഞ്ഞ പോലെ കുറെ സംഭവങ്ങളൊക്കെ ഉണ്ടെങ്കിലേ ഒരെടുപ്പുള്ളൂ. അതുപോലെ, തക്കാളിയും ഉള്ളിയുമൊക്കെ ഉരുണ്ടിരിക്കുമ്പോള്‍ കഴിക്കാന്‍ വലിയ താത്പര്യമില്ലെങ്കിലും മുറിച്ച് കഷണമാക്കി സാലഡെന്നു പറഞ്ഞ് വച്ചാ എനിക്ക് നല്ലിഷ്ടമാ!!

അപ്പൊ പറഞ്ഞപോലെ ഒരു റെസ്റ്റോറന്റു ചെയിനൊക്കെ തുറക്കൂ!!!

chithrakaran ചിത്രകാരന്‍ said...

രാഷ്ട്രീയം കണ്ടു വന്നതാണ്. വായിച്ചുതുടങ്ങിയപ്പോള്‍ രസം പിടിച്ചു. കൂട്ടുകക്ഷി പാചകത്തിന് അഭിവാദ്യങ്ങള്‍ !!!

പ്രിയംവദ-priyamvada said...

ഇഞ്ചിയെ...
ഞാനും ഒലിവ്‌ ഓയില്‍ തനിയെ ആണു ഉപയോഗിച്ചിരുന്നത്‌`..ഇതിപ്പൊ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടു കുറച്ചെ ആയുള്ളു...ഇതു വരെ കുഴപ്പം ഒന്നും ഇല്ല.

നന്ദു & കൈത മാഷുകളെ..

സാലഡ്‌ ..അതു തന്നെ ഏറ്റവും ഉത്തമം ..പക്ഷെ അതു മാത്രമായാല്‍ പെട്ടെന്നു മടുക്കുകയും ജീവിത വിരക്തി വരികയും ചെയ്യില്ലെ എന്നൊരു സംശയം ? :)

സാലഡിനെ പറ്റി ഒരു പോസ്റ്റ്‌ തന്നെ ഇടാം ...ഇവിടെ തായ്‌ പാചകത്തില്‍ പുളിയില്ലാത്ത മാങ്ങ ,പപ്പായ , പച്ച ആപ്പിള്‍ ,കുരുവില്ലാ പേരക്ക മുതലായവ ഗ്രേറ്റ്‌ ചെയ്തു പൊടിച്ച കപ്പലണ്ടി ,ചില sauce ചേര്‍ത്തു ഒരു പാടു തരം സാലഡ്സ്‌ ഉണ്ടു.


weight loss ആണു ലക്ഷ്യം എങ്കില്‍ ഇവിടെ ഒരു ഫുഡ്‌ പിരമിഡ്‌ ഉണ്ടു ..പിന്നെ excercise ഉം..ഞാന്‍ എഴുതിയതു പരമ്പരാഗത രീതി ഇഷ്ടപ്പെടെന്ന്വരും പുതിയ രീതികള്‍ ഇഷ്ടപ്പെറ്റുന്നവര്‍ക്കും ഇടയില്‍ കുടുങ്ങുന്ന വീട്ടുകാരിയെ സഹായിക്കാനുള്ള റ്റിപ്സ്‌ ആണു.. മിനിമം പാചകം ...പാത്രം കഴുകല്‍, ബാച്ചികളുക്കും പരീക്ഷിക്കാം..
(K.M ....ആ ചേച്ചിടെ ഭാഗ്യം!)

http://en.wikipedia.org/wiki/Image:Weightloss_pyramid.JPG


ജിന്‍സ്‌ ..ഹോട്ടല്‍ തുടങ്ങട്ടെ എന്നു വീട്ടില്‍ ചോദിച്ചു "നാട്ടുകാരെന്തു പിഴച്ചു" എന്നു കോരസ്‌

ശാലിനി,വല്യമ്മായി.ചിത്രകാര ..ഞാന്‍ മടിച്ചാണു ഇതു ഇട്ടതു..
നല്ല വാക്കുകളുക്കു നന്ദി!

അനൂപ്‌: അവിടെ വന്നു നോക്കി ..ആകെ മൊത്തം പ്രണയമാണല്ലൊ..

ഒരു സ്നേഹിതന്‍ said...

പരീക്ഷണങ്ങള്‍ പങ്കുവെച്ചതിനു നന്ദി
ആശംസകള്‍...

Unknown said...

ഇന്ജിപെന്നിനൊട് ശക്തിയായി പ്രതിഷേധിക്കുന്നു.. എല്ലാടത്തും ഇതല്ല പരിപാടി.. (രാവിലെ വച്ച കഞ്ഞി തീരുന്നത് വരെ കഞ്ഞിയും, ഉച്ചയ്ക്ക് ശേഷം കട്ടന്‍ ചായയും കുടിച്ചു ജീവിക്കുന്ന ഒരുപാട് രൂമേര്‍സ് (റൂമില്‍ താമസിക്കുന്നവര്‍) ഈ നാട്ടില്‍ ഉണ്ട്. പാവങ്ങള്‍,, ഈ പോസ്റ്റ് വായിച്ച് നാവില്‍ ഇറക്കിയ വെള്ളതിനുണ്ടോ കണക്ക്? (ഞാന്‍ അല്ല).
ഹോട്ടലില്‍ ആണെന്കിലോ? ആദ്യത്തെ പത്ത് ദിവസം തോന്നുന്നതെല്ലാം കഴിക്കും, പിന്നത്തെ പത്ത് ദിവസം തോന്നുന്നതില്‍ ചിലതെല്ലാം ഒഴിവാക്കും, പിന്നത്തെ പത്ത് ദിവസം ഒന്നും തോന്നാതെയും കഴിക്കും.. (ഇങ്ങനത്തെ ഷെഡ്യൂള്‍ ഇപ്പളും നാട്ടില്‍ ഉണ്ടേ.. )

ബഷീർ said...

ചിലര്‍ക്ക്‌ ഇറച്ചിക്കറിയില്‍ പച്ചക്കറികള്‍ ഇട്ടു പാചകം ചെയ്യുന്നത്‌ ഒരു അലര്‍ജിയാണു. അത്‌ പിശുക്കിന്റെ ഭാഗമായാണു പലപ്പോഴും വിലയിരുത്തുക.

ഗള്‍ഫ്‌ നാടുകളില്‍ അറബി വീട്ടിലെ കറികളില്‍ ഉരുളക്കിഴങ്ങും കാരറ്റും മറ്റും മുറിച്ചിട്ട്‌ ഉണ്ടാക്കുന്നതാണു കണ്ടിട്ടുള്ളത്‌. നല്ല ടേസ്റ്റുമാണാ കറികള്‍ക്ക്‌. അല്ലെങ്കില്‍ അവര്‍ ഇലകളും മറ്റും ഇറച്ചി കഴിക്കുന്ന അളവില്‍ തന്നെ കഴിക്കുകയും ചെയ്യും .. നമ്മള്‍ മലയാളികള്‍ പലപ്പോഴും ആ പരിപാടിയില്‍ പിറകിലാണ`്.

നമുക്ക്‌ പച്ചക്കറിയാണെങ്കില്‍ മൊത്തം പച്ചക്കറി.. അല്ലെങ്കില്‍ ഇറച്ചി കൊണ്ട്‌ തന്നെ മോരുകറിയും .. ഒന്നുകില്‍ കളരിക്ക്പുറത്ത്‌ അല്ലെങ്കില്‍ പണിക്കരുടെ നെഞ്ചത്ത്‌.. : )

ഈ പോസ്റ്റ്‌ ഉപകാരപ്രദമാണു പ്രിയം വദ..

നിരക്ഷരൻ said...

പാചകത്തില്‍ വലിയ താല്‍പ്പര്യം ഇല്ലാത്തെ ഞാനെന്തിന്‌ ഈ പോസ്റ്റ് വായിച്ചെന്ന് എന്നോട് തന്നെ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം .
നേരം വെളുത്തിട്ടുതുവരെ ഒന്നും കഴിച്ചിട്ടില്ലല്ലോ ?(ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. അതുകഴിഞ്ഞ് കിടന്ന് ഒറ്റ ഉറക്കം , ഉച്ചയ്ക്ക് 3 മണി വരെ)

അപ്പോള്‍ ഒരു പാചക പോസ്റ്റ് എങ്കിലും വായിച്ച് സമാധാനപ്പെടാം എന്നായിരുന്നു. നല്ല പോസ്റ്റ്. കുറേ പുതിയ അറിവുകള്‍ പങ്കുവെച്ചതിന്‌ നന്ദി.