Thursday, 12 July 2007

വായനാ പങ്കു തരുമൊ?

സ്നേഹിതരെ..

വായനപ്രിയരായ ബൂലോകരെ .. ഞങ്ങളുടെ കൊച്ചു book club -il പുസ്തകം തിരഞ്ഞെടുക്കാന്‍ ഒന്നു സഹായിക്കുമോ?

മലയാളത്തില്‍ പുതിയ (കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍) പ്രസിദ്ധികരിക്കപെട്ട കഥ /ലേഖന സമഹാരങ്ങളില്‍ (കവിത വേണ്ട ..താങ്ങൂല്ല)എന്തൊക്കെയാനെന്നു പറഞ്ഞു തരുമൊ? വായിക്കേണ്ടവരെ പറഞ്ഞു തരുമൊ? ആനുകാലികങ്ങള്‍ പതിവായി വായിക്കന്‍ പറ്റാത്തിനാല്‍ വിവരം കമ്മി.


പുതിയ എഴുത്തുകാരുടെ കൃതികളാണു ഉദ്ദേശിക്കുന്നതു...പഴയതെല്ലാം MT,zachariya,Sara joseph VKN,മുകുന്ദന്‍,സേതു ,മാധവികുട്ടി ഒക്കെ ഇവിടെ stock ഉണ്ടു, അല്ലെങ്കിലും ബുക്ക്‌ സ്റ്റാള്‍ അതൊക്കെ പ്രദര്‍ശിപ്പിക്കുന്നതു കൊണ്ടു പെട്ടെന്നു തിരഞ്ഞെടുക്കാം..പക്ഷെ പുതിയ എഴുത്തുകാരുടെ കൃതികള്‍ കാണാറുണ്ടേങ്കിലും നല്ലതാണൊ എന്നറിയാത്തതിനാല്‍ വാങ്ങാന്‍ മടിയാണു..



K.R Mallika ,Priya A.S , പിന്നെ? പിന്നെ....?..? തുടങ്ങിയവരുടെ പുസ്തകങ്ങള്‍ എവിടെ നിന്നു ലഭിക്കും?
വടക്കുംനാഥനെന്റെ നടയിലെ current books-ഇല്‍ കേവലം രണ്ടു മണിക്കൂര്‍ മാത്രമാണു പൊതുവെ ഈ തിരഞ്ഞെടുപ്പിനു കിട്ടാറുള്ളതു...'നിര്‍മലയും വിശാലനും' അവിടെ കാണുമെന്നു കരുതുന്നു..
വേറെ ബുക്ക്‌ സ്റ്റാള്‍ ?
ഇന്ദുലേഖ.കോം പോലെ വെറെ എതെങ്കിലും ലിങ്ക്സ്‌ അറിയാമൊ?




കഴിഞ്ഞ യാത്രയില്‍ പുസ്തകപ്രിയായ ഭാര്യയെ impress ചെയ്യാന്‍ ഭര്‍ത്താവ്‌ ഒന്നു ശ്രമിച്ചു..ഭാര്യയുടെ ലിസ്റ്റ്‌ നു പുറമെ പുതിയതു വാങ്ങാന്‍ വേണ്ടി ഒരു മലയാള സാഹിത്യക്കാരന്റെ പേരകുട്ടിയോടു ഏതൊക്കെയാണു വാങ്ങേണ്ടതെന്നു ചോദിച്ചു ......മല്ലിക യുനിസ് ,കമല ഗോവിന്ദ് കണ്ടാല്‍ വങ്ങാന്‍ മറക്കണ്ട എന്നു !

(അവനോടെനിക്കൊരു മൊഴി ചോദിക്കാന്‍ ബാക്കിയുണ്ട്‌ ..നിലവറയിലെ മുറിചുരിക ഇപ്പോഴും വിറയ്ക്കുന്നു)


പിന്നെ എന്റെ 6 മരുമക്കള്‍ CBSEക്കാര്‍ ..മലയാളം പത്രം പോലും വിക്കി വിതുമ്പി വായിക്കുന്നവര്‍ ..നീയിപ്പൊഴും വായിക്കുന്നുവൊ എന്നു നിറകണ്ണുകളോടെ ചോദികുന്ന സഹോദരി..ഹും..



അപ്പോള്‍ നല്ല വായനക്കാരായ മലയാളം ബ്ലോഗ്ഗെര്‍സിനോടു ചോദിക്കാം എന്നു തോന്നി ..ഒരു തിരഞ്ഞെടുപ്പിനു സമയം അധികം മറ്റു ലഭിക്കാനിടയില്ലാത്ത പ്രവാസി ബുക്ക്‌ ശേഖരണക്കാര്‍ക്കും പ്രയോജനപ്പെട്ട്ക്കും എന്നു തോന്നി..നിങ്ങള്‍ ഇഷ്ടപ്പെട്ട പുസ്തകം പറയൂ..എനിക്കിഷ്ടപ്പെടുമൊ എന്നു ചിന്തിക്കെണ്ട.....

Monday, 9 April 2007

സ്വര്‍ണകിങ്ങിണി


'വിഷു വരുന്നുട്ടൊ' എന്നു നിശബ്ദമായി ആര്‍ത്തു വിളിച്ചുകൊണ്ടു
മാര്‍ച്ച്`-ഏപ്രില്‍ മാസങ്ങളില്‍ സിംഹപുരിയുടെ ഹൈ വേകളിലും റോഡ്‌ ഡിവൈഡറുകളിലും പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന എനിക്കു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു കാഴ്ച്ചയാണു`...ഇത്രനാളും ആരും കാണാതെ ശേഖരിച്ചു വച്ചിരുന്ന സ്വര്‍ണ നാണ്യങള്‍ നിര്‍‌ലോഭം വാരി ചൊരിയുന്ന ദാനശീലന്റെ ഭാവമാണു അപ്പൊള്‍ കണികൊന്നയ്ക്....ഒരു പക്ഷെ നാട്ടിലുള്ളതിനെക്കാള്‍ കൂ‍ടുതല്‍ കൊന്ന മരങള്‍ ഇവിടെ ഉണ്ട്.



-നാട്ടിലെ അക്കേഷ്യാ മരങ്ങള്‍ വെട്ടി മാറ്റി കൊന്നയും മറ്റും നടാന്‍ പോകുന്നു എന്നു വായിച്ചു..നല്ലതു! സാമൂഹ്യ വനവല്‍ക്കരണത്തിന്റെ മുഖം മിനുക്കല്‍ കേരളതിന്റെ മുഖശ്രീ തെളിയിക്കട്ടേ
..കര്‍ണ്ണികാരം പൂത്തു തളിര്‍കട്ടെ..അവര്‍ വേനല്‍ ചൂടില്‍ സ്വര്‍ണം ഉരുക്കി കിങ്ങിണി പണിയട്ടെ
!

മത്താപ്പൂ വെളിച്ചത്തില്‍ മിന്നിമറയുന്ന ഓര്‍മ്മകളില്‍ ഒരു പാടു വിഷുകാലങ്ങള്‍ .നന്നെ വെളുപ്പിനു ഉമ്മറത്തു അലങ്കരിച്ച കൂട്ടില്‍ ചെറിയ ഒരു കൃഷ്ണനെയും വച്ചിട്ടു മാറി നിന്നു "രാധ മാധവ ഗോപാല ..എന്നു ഭജന പാട്ടു പാടി വീട്ടുകാരെ ഉണര്‍ത്തി, കണികാട്ടിയിരുന്നു അന്നു ഭജനമഠത്തിലെ ചെറുപ്പക്കാര്‍,അവര്‍ക്കു കുറച്ചു ചില്ലറ തടയുന്ന വഴി..അന്നു അതു ഉറക്കം മാറാത്ത കുഞ്ഞി കണ്ണുകളുക്ക് ഒരു പുലര്‍ക്കാല സുന്ദര സ്വപനം പോല , മറക്കാനാവാത്ത, വിഭ്രമിപ്പിക്കുന്ന മായ കാഴ്ചകള്‍ കൊണ്ടു പോലും കാലത്തിനു മായ്ക്കാനാകാത്ത ,കാഴ്ചയായി.

-പിന്നീടു ഒരോ കാഴ്ച്ചയും കാണലിന്റെ സാരംശം ചോര്‍ത്തി കളഞ്ഞു എന്നു പറയണൊ..ഛെ വേണ്ട

പ്രവാസജീവിതത്തില്‍ ആദ്യം വന്ന ആഘോഷവും വിഷു ആയിരുന്നു,ചെറിയ തോതിലെങ്കിലും എല്ലാം ഒരുക്കണം എന്നു വിചാരിച്ചു ...കുട്ടികള്‍ ഒന്നും മറന്നു പോവരുതല്ലൊ..വീടിനടുത്തുള്ള ജോഗ്ഗിംഗ്‌ ട്രാക്കില്‍ നിരന്നു നില്‍കുന്ന കണികൊന്ന മരങ്ങള്‍ ആദ്യെ നോട്ടമിട്ടു വച്ചിരുന്നു .വിഷു തലേന്നു സന്ധ്യയുടെ നേര്‍ത്ത ഇരുട്ടിന്റെ മറപിടിച്ചു ,ഒരു പാടു പൂക്കള്‍പറിച്ചു കൊണ്ടു വന്നു.പഴങ്ങളും സ്വര്‍ണവും കസവുനേര്യതും ഒക്കെ ചേര്‍ത്തു ഒന്നു രണ്ടു വര്‍ഷം കണി വച്ചു.ഒരു പക്ഷെ അത്രയും പൂക്കള്‍ നാട്ടില്‍ പോലും കിട്ടിയിരുന്നില്ല..

-


തിരുവനന്തപുരത്തു താമസികുമ്പോള്‍ ഒരു ചെറിയ കൊന്ന പൂ തണ്ടും പച്ച കശുവണ്ടിയും കണ്ണിമാങ്ങയും ചേര്‍ത്തു കെട്ടി 5 രൂപയ്ക്കു തരുന്ന, ഞങ്ങളുടെ മില്‍മ പാല്‍കാരന്റെ നിര്‍ബന്ധിത പാക്കെജ്‌ ആണു, വിഷു കണിക്ക് ഉപയോഗിച്ചിരുന്നത് .ആശയൊടെ നട്ട കൊന്ന പൂവിടുന്നതിനു മുന്‍പെ അനന്ത പുരി വിട്ടു സിംഹപുരിയിലെക്കു പോരേണ്ടിയും വന്നു

പക്ഷെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വമ്പന്‍ മരങ്ങള്‍ parks board വെട്ടി മാറ്റി..അശോകം നട്ടിരിക്കുന്നു അവിടെ....ഈ ശ്രദ്ധ യാണി ദീപിനെ നിത്യ ഹരിതയാക്കുന്നതു... അത്തവണ ഞങ്ങള്‍ കണികൊന്ന തിരഞ്ഞു കുറെ ദൂരെയുള്ള പാര്‍ക്കില്‍ പോയി. ഒരു പാടു കൊന്ന മരങ്ങള്‍ അവിടെ ഉണ്ടു ,പലതും ഉയരത്തില്‍ , അതു പറിച്ചു ഫൈനടിയും ചൂരലടിയും ചാംഗി വാസവും ഒന്നും വയ്യ എന്നായി പ്രിയംവദന്‍


-അത്തവണ കണി വച്ചതു ഫ്ലവര്‍ ഷോപ്പില്‍ നിന്നും വാങ്ങിയ മഞ്ഞ ഓര്‍ക്കിഡുപൂകുലകളായിരുന്നു!


ഒന്നു അഡ്ജസ്റ്റ്‌ ചെയ്യെന്റെ കൃഷ്ണന്‍ കുട്ട്യെ.....നമുക്കീ ജനലീ കൂടെ ദൂരെ റോഡിലേക്ക് നോക്കിയാല്‍പോരെ ,നിറയേ പൂത്തുലഞ്ഞു നില്‍ക്കുകയല്ലെ ഇമ്മടെ കൊന്ന പെണ്ണു ,എന്തൊരു ഭംഗിയാ അല്ലെ? ഒരില ഉണ്ടൊ? ..നമുക്കിങ്ങനെ മരത്തിലേക്ക്‌ നോക്കിയാല്‍ പോരെ ..വെറുതെ ആ പൂവു പറിച്ചെടുക്കണൊ....ഇതൊരു 'ഫൈന്‍ സിറ്റി 'ആണെന്ന കാര്യം നിനക്കറിയില്ലെ? അല്ലെങ്കിലും അതിങ്ങനെ ദൂരെ കാണാനാണു ഭംഗി അല്ലെ ? ഞാന്‍ പറഞ്ഞു.....
-കൃഷ്ണണന്‍ ചിരിച്ചു ,ഗുരുവായൂര്‍ നിന്നു കൊണ്ടു വന്നപ്പോള്‍ ഉള്ള അതെ ചിരി..അഭ്യര്‍ത്ഥനകളും ഭീഷണിയില്‍ അവസാനിക്കുന്ന അപേക്ഷകളും പിന്നത്തെ അനുനയങ്ങളും സമവായങളും ..എല്ലാം എത്ര കണ്ടതാ ..പാസ്സ്‌പ്പോര്‍ട്ട്‌ എടുക്കാന്‍ മറന്നു ..ഇവിടെ പെട്ടു പോയി ഇനി പറഞ്ഞിട്ടെന്താ എന്നല്ലെ ആ കള്ള ചിരിയുടെ അര്‍ത്ഥം?



പക്ഷെ കൃഷ്ണന്‍ അതു ശരി വച്ചു എന്നെനിക്കു ആ വാരാന്ത്യത്തില്‍, വിഷു സദ്യക്കുള്ള പായസവുമായി കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സിലായി .. എക്സ്പ്രസ്സ്‌ വേ യില്‍, കിലോമീറ്ററുകളോളം ദൂരം പൂത്തുലഞ്ഞു നില്‍കുന്ന കണി കൊന്ന ...അതൊരു അപൂര്‍വസുന്ദരമായ വിഷു കാഴ്ചയായിരുന്നു


-ഇവിടെ എല്ലാം കിലോമീറ്റര്‍ കണക്കിലെ ഉള്ളു ,ഒരു km അശോകം ,2 km ഇലഞ്ഞി,1/2 km ചെമ്പകം.. വീട്ടില്‍ ഒരേ പോലത്തെ ചെടികള്‍ നിരത്തിയ ചട്ടികള്‍ക ണ്ടാല്‍ എന്റെ ഒരു അനന്തിരവന്‍ ചോദിയ്കുമായിരുന്നു എന്താപ്പാ ഇതു 'ക്ലോണിങ്ങോ'ന്നു`? ഒരേ തരം പൂചെടികളുടെ നീണ്ട നിര നയനസുഖം തരുന്നുവെങ്കിലും , ലാന്‍ഡ്സ്സ്കേപ്പിങ്ങില്‍ ക്രിയാത്മകതയുടെ അഭാവം:‘ക്ലോണിങ്ങിന്റെ‘ കടന്നുകയറ്റവും നൈര്യന്തികത സൃഷ്ടികുന്ന ആവര്‍ത്തന വിരസതയും നഷ്ടമാകുന്ന ആകസിമികതയും എന്നൊ മറ്റൊ ഒരു തീസീസ്സിനും വകുപ്പുണ്ടാക്കുന്നുണ്ട്..


പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും (ഞാനും കൃഷ്ണനും ട്ടോ) പ്രയോഗികത തികഞ്ഞ പ്രവാസികളായി മാറി.ഓര്‍ക്കിഡ്‌ പൂജാ പുഷ്പ്പങ്ങളും മാലയും ഓണ പൂക്കളവും ഒക്കെ പരിഭവമില്ലാതെ പരിചയിച്ചു.വിഷുത്തലേനാള്‍ ഇപ്പോ കണിവെള്ളരി വാങി വരൂ എന്നു വാ‍ശി പിടിക്കാ‍റില്ല ,കണികൊന്ന തേടി അലയാറില്ല ,പ്രവാസത്തിന്റെ പ്രയോഗികപാഠങ്ങളുടെ പരിശീലന കളരി ഇതിനൊരു ശാശ്വത പരിഹാരം കണ്ടുപിടിച്ചു തന്നു.. ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി ഇങ്ങനെയാണു കണികാണുന്നത്..

ബങ്കൊക്കിലെ സുവാന്‍ ലം നൈറ്റ്‌ മാര്‍‌ക്കറ്റില്‍ നിന്നും വാങ്ങിയ ഈ വടാത്ത ,ഉതിരാത്ത കണികൊന്നയും ഫുജി ആപ്പിളും കൊറിയന്‍ ഹണി മാ‍ങയും ഒക്കെ കാണും ആ പഴയ ഉരുളിയില്‍.


നേര്‍ത്ത പുലരി വെളിച്ചത്തില്‍ ,ദൂരെ ,എനിക്കും കൃഷ്ണനും മാത്രം ആ സ്വര്‍ണമഞ്ഞ നിറം തിരിച്ചറിയാം.




കേരളത്തിന്റെയും തായിലാന്‍ഡിന്റെയും ദേശീയ പുഷ്പം കണികൊന്നയായതും ,അവിടെ വിഷു ദിനം മറ്റൊരു പേരില്‍ ആഘോഷിക്കുന്നതും ,രസകരമായ യാദൃച്ഛികത? അവിടെ ഒരു ബുദ്ധക്ഷേത്രത്തില്‍ സ്വര്‍ണം പൊതിഞ്ഞ ബുദ്ധന്റെ പ്രഭയോടു മല്‍സരിക്കാനെന്ന പോലെ പൂത്തുലഞു നിന്ന ആ കണികൊന്നയും ഒരു നല്ല ഓര്‍മ.


.
.
.
.


അനുബന്ധം:അടുക്കളയില്‍ കേട്ടതു...
അമ്മ: മോളെ ആ ദോശ ഒന്നു മറിച്ചിട്ടെ


മോള്‍: .എവിടെ spatula അമ്മെ?


അമ്മ: ചട്ടുകം അവിടെ തൂങ്ങി കിടകുന്നതു കണ്ടില്ലെ?


മോള്‍: Oh yaa.. sorry amma...Can I flip it ? I think all the holes appeared ..


അമ്മ: ..ya..can ..മോളെ അടുത്ത sunday വിഷുവാണ്‌..


മോള്‍:.. Oh God.. Do I ve to get up early ..oh no ..അമ്മാ


അമ്മ: കണികണ്ടിട്ടു വേണെങ്കില്‍ ഉറങ്ങിക്കൊ .


മോള്‍ :Can I see kaNi some time later ,i mean @ 9 or so...its sunday maa..The only day I can get up late..


അമ്മ:..ഏയ് അതു ശരിയാവില്ല


മോള്‍:.. Any way ..I like this vishu ,..Amma... how much you are planing this year? I mean vishukaineetum.


അമ്മ:.പോ അവിടന്നു .അങ്ങിനൊന്നും കുട്ടികള്‍ ചോദിക്കാന്‍ പാടില്ല


മോള്‍: ഹി ഹി ...oh ya അമ്മാ... Are we going to Nikitha's house or Remya's this time with paayasam and curries for sadya? Or are they coming here this time?


അമ്മ:..We are going to sindhu aunty this time ..ഈ തവണ ഞാന്‍ ഓലനും അവിയലും ആണു ഞാന്‍ കൊണ്ടു പോകുന്നതു..


മോള്‍: What ever ....Can I ask you one question?


അമ്മ.. umm


മോള്‍: Why amma all vishu -Onam weekend you take the trouble to prepare kerala food and serve in vazhaila with your 'malayalam' friends?


അമ്മ: ..നിങ്ങളിതൊക്കെ മറക്കാതിരിക്കണല്ലൊ..പിന്നെ ഇവിടെ തനിയെ സദ്യ കഴിച്ചാല്‍ എന്താ ഒരു രസം?


മോള്‍: ..Its ok maa ,I don't like സദ്യ so much , just give us വിഷുകൈനീട്ടം ,No need to struggle yourself.



അമ്മ: (ആതമഗതം )ങെ? എത്ര ഫോണ്‍ വിളികള്‍..ഒരോ വീട്ടുകാര്‍ക്കും ആയാസം തുല്യമാവാനും വിഭവങളില്‍ കേരള തനിമ നിലനിര്‍ത്താനുമുള്ള ബദ്ധപ്പാടുകള്‍ ,വേദി നിര്‍ണ്ണയ ചര്‍ച്ചകള്‍ ,എങ്കിലും അവസാനം ചില കണ്‍ഫ്യൂഷനുകള്‍, തിരക്കിട്ട ലിറ്റില്‍ ഇന്ത്യ സന്ദര്‍ശനം...വാഴയില വാങ്ങല്‍...കാര്‍ത്തിക സ്റ്റോറിലെ കേരള പപ്പടം ഒക്കെ ആര്‍ക്കുവേണ്ടിയായിരുന്നോ?..ചെറിയ കുട്ടികളുക്കു വേണ്ടിയോ ..മുതിര്‍ന്ന കുട്ടികളു വേണ്ടിയോ..ഹും..


അമ്മ (പ്രകാശം)..ദോശ കരിയുന്നെടി മോളെ!

..

Saturday, 6 January 2007

രസമുകുളങ്ങള്‍!!

അന്നു മൂന്നു വയസായ ABCD ഇനിയും പഠിച്ചിട്ടില്ലാത്ത ,ഒട്ടും തന്നെ ഭക്ഷണപ്രിയയല്ലാത്ത എന്റെ കുട്ടിയ്ക്കു Mac Donold ഇന്റെ സൈന്‍ ബോര്‍ഡ്‌ ദൂരെ നിന്നുതന്നെ കാണാനും വിശക്കുന്നു എന്നു പറയാനുമുള്ള ആന്തരിക ചോദന എന്തായിരുന്നു? പിസ്സയും KFC യും ഇത്രമേല്‍ പഥ്യമാവുന്നതെന്തെ? .പിസ്സായും ബര്‍ഗെറും നാടന്‍ രുചികളെ ഇത്ര പെട്ട്ന്നു ,പ്രതേയ്‌കിച്ചു കുട്ടികളെ കീഴടക്കുന്നതിന്റെ "ഗുട്ടന്‍സ്‌" എന്താണു? ചീസ്‌ ,oregano ,rosemary ഒക്കെ തൈരിനും ജീരകത്തിനും കരിവേപ്പിലക്കും മേല്‍ കടന്നു വന്നു ഇങ്ങനെ പിടി മുറുക്കുന്നതെന്തെ? ..ഇന്നും നിക്കൊരു പുടീല്ല ..ആരെങ്കിലും ഗവേഷണം നടത്തിക്കാണുമോ എന്തൊ..എല്ല നാട്ടിലും ഇങ്ങനെയണൊ എന്നു ചോദിച്ചാലും വല്ല്യ പുടീല്ല. എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ചായകടയുള്ള ,ഭക്ഷണം കഴിക്കല്‍ "നാഷണല്‍ " ടൈം പാസ്സ്‌ ആയിട്ടുള്ള സിംഗപ്പൂരിലെ അവസ്ഥ ഇതാണു.


..ആഗോളവല്‍ക്കരണത്തിന്റെ സല്‍ഫലങ്ങള്‍ മാത്രം മതിയൊ?..അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ കൂടി അനുഭവിയ്ക്കൂ എന്നരോ കളിയായി പറയുന്നുണ്ടൊ? ..കാലത്തിനൊത്ത രസന എന്നും ...മാറാന്‍ ശ്രമിക്കു എന്നും ? .. ഇതൊക്കെ ഒരു convenient ഫുഡ്‌ നിലയില്‍ ഞാനും ചിലപ്പൊഴൊക്കെ ആസ്വദിക്കാറുണ്ടു.എങ്കിലും എപ്പൊഴും പഴയ രുചികളിലേക്കു തന്നെ തിരിച്ചുപോകുന്നു....



എന്റെ കുട്ടിക്കാല ചരിത്രം പരിശോധിച്ചാല്‍ ഞാനൊരു ഭക്ത ആയിരുന്നുവെന്നു കാണം .വീട്ടിലെ ചെറിയ കുട്ടി എന്ന പരിഗണന പിടിച്ചു വാങ്ങി, രണ്ടു ശബരിമല യാത്ര ,ആലുവ മണല്‍പ്പുറത്തെ അസംഖ്യം ബലിയിടലുകള്‍ , ഉത്സവങ്ങള്‍ ഇതിലൊക്കെ അച്ഛന്റെ കൈയില്‍ തൂങ്ങി പോയിട്ടുണ്ടു. ..മറ്റു നാലു സഹോദരങ്ങള്‍ എന്നില്‍ നിന്നും മിനിമം ഒരു എട്ടു 'പ്രകാശ' വര്‍ഷം അകലെ ആയിരുന്നു...അതിനാല്‍ ഈ പാവം 'വാല്‍നക്ഷത്രത്തിനു' മേല്‍ അസൂയാലുക്കളും .ആശ്രമം കടവില്‍ നിന്നുള്ള വഞ്ചിയില്‍ ആലുവാപ്പുഴക്കു മറുകര കടന്നു അച്ഛന്റെ അകന്ന ബന്ധുവിന്റെ ബലിപുര കണ്ടുപിടിച്ചു ബലിയിടാന്‍ വേണ്ടികുളിക്കുന്ന മാതാ-പിതാശ്രികളുടെ വസ്ത്രങ്ങള്‍ക്കു കാവലിരിക്കല്‍ , തല്‍ക്കാലികമയി വളച്ചുകെട്ടിയ അമ്പലത്തിലിരിക്കുന്ന ശിവപെരുമാളിനെ തൊഴല്‍ ,അമ്മയുടെ കല്‍ച്ച്ട്ടി & വിശറി വാങ്ങല്‍ എന്നിങ്ങനെയുള്ള mundane activities കൂട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നതു, യാത്ര ചെയ്യാനും പുറം ലോകം കാണാനും ഉള്ള അപൂര്‍വം അവസരം എന്നതു മാത്രമല്ല പിന്നയൊ , ഏതെങ്കിലും സാമിയുടെ കടയില്‍ കയറി ഇഡ്‌ലിയും വെള്ള ചട്ട്‌ണിയും സമ്പാറും പിന്നെ സ്പെഷല്‍ ലഡുവും കഴിയ്ക്കാം എന്നതും കൂടിയാണെന്നതു, എന്റെ സഹോദര ശത്രു ഗാങ്ങിന്റെ അസൂയ കലര്‍ന്ന കുപ്രചരണം മാത്രം. അതുപിന്നെ എന്റെ വീട്ടിലെ പതിവു പ്രാതല്‍ കഞ്ഞി.. ,അന്നൊക്കെ സാദ കൊച്ചിക്കാരുടെ പ്രിയപ്പെട്ട പതിവതായിരുന്നു ,5 പേര്‍ പഠിക്കാനും മാത പിതാശ്രീകളുക്കു ജോലിക്കും പോകണമല്ലൊ . അവധി ദിവസങ്ങളില്‍ പരന്ന സ്റ്റീല്‍ പാത്രത്തില്‍ ഉണ്ടാക്കി മുറിച്ചെടുക്കുന്ന ഇഡ്‌ലിയുടെ സ്വാദിനെ റേഷന്‍ അരിയുടെ ഗുണനിലവാരവും ,ചേച്ചിമാരുടെ ദേഷ്യവും,..അരി ആട്ടെണ്ടി വന്നതിന്റെ.. ദോഷകരമായി ബാധിച്ചിരുന്നു എന്നു വേണം കരുതാന്‍.


അതൊക്കെ എത്ര കുഞ്ഞു മോഹങ്ങള്‍!! ഇപ്പോള്‍ ഇവിടെ ഞങ്ങളുടെ അവധി ദിവസങ്ങളിലെ പ്രഭാത നടത്തയക്കു നു മോളെ കൂട്ടുന്നതു ബ്രേക്ക്‌ ഫാസ്റ്റ്‌ നു Mac പോകാം എന്ന കൈകൂലി വഗ്ദാനത്തിന്‍ന്റെ പിന്‍ബലത്തിലാണു..നടന്നു കുറച്ചതെല്ലാം പൂര്‍വ്വാധികം ഭംഗിയൊടെ ശരീരത്തില്‍ തിരിച്ചെത്തിച്ചു ഒരു മടക്ക യാത്ര. എങ്കിലും അവളുടെ കൊച്ചുവര്‍ത്താങ്ങള്‍ കേള്‍ക്കുവാനുള്ള അവസരം എന്ന നിലയില്‍ ആസ്വദിക്കാറുണ്ടു. മാസത്തിലൊരു പിസ്സാ ഡെലിവറി ഒരു നൊം ആയി മറി..ഫീല്‍ഡ്‌ ട്രിപ്‌ ,ടൂഷന്‍ ഇടവേളകള്‍ KFC & ബര്‍ഗര്‍ കിംഗ്‌ കൈയടക്കി.




നാട്ടിലും ഇപ്പൊള്‍ പിസ്സാക്കാലം ,പ്രതേയ്‌കിച്ചു പട്ടണ ക്യാമ്പസ്‌-ഇല്‍ കുറെക്കാലം അരങ്ങു തകര്‍ത പൊരോട്ടയും ചിക്കണും ഔട്ട്ഡേറ്റ്ഡെന്നു സ്വലേ യും പറയുന്നു.


എന്റെ വീട്ടിലെ ഷെല്‍ഫിലും ഇപ്പൊ cheese , alfredo സ്ഥാനം പിടിച്ചിരിക്കുന്നു . രുചികരമായ കട്‌ലെറ്റിനെപ്പോലും പിന്തള്ളി ബര്‍ഗര്‍ ! ഇടക്കാലത്തു പോപ്പുലര്‍ ആയിരുന്ന പനീര്‍ കറികളെയും ബട്ടുരയെയും സ്പാഗെറ്റിയും പൊട്ടൊറ്റൊ റോസ്റ്റിയും നിലം പരിശാക്കിയിരിക്കുന്നു. ചീസ്‌ ദോശ ,ചീസ്‌ പൊരോട്ട ..കടകളിലും ഫൂഷന്‍ തരംഗം .




ഈ തരംഗത്തിനിടയിലും രസകരമായ ഒരു കാര്യം കണ്ടു .ഇവിടെത്തെ ന്യൂസ്‌ പേപ്പറില്‍ വരുന്ന പ്രശസ്തരുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളെ പറ്റിയുള്ള വരാന്ത ഇന്റര്‍വ്യൂ ഇല്‍ അവസാന ചോദ്യം "എന്തായിരിക്കണം നിങ്ങളുടെ 'ലാസ്റ്റ്‌ മീല്‍'" എന്നതാണ്‍ . exotic ഭക്ഷണം പാകം ചെയ്യുന്ന ഷെഫുകള്‍ പോലും ലളിതമായ കുട്ടിക്കാല ഭക്ഷണങ്ങളാണു ലാസ്റ്റ്‌ മീല്‍ ആയി പറഞ്ഞിരുന്നതു !



ഈ ചോദ്യം ഇയിടെ വീട്ടില്‍ ചോദിച്ചപ്പോള്‍ എന്റെ സീമന്ത പുത്രി പറഞ്ഞ മറുപടി , അമ്മയുണ്ടാക്കുന്ന ചമ്പ ഒണക്കലരി കഞ്ഞിയും ,പയറുപ്പേരിയും , ഇഞ്ചി & തക്കാളി വഴറ്റി തേങ്ങ ചേര്‍ത്തരക്കുന്ന ചമ്മന്തിയുമാണെന്നതു എന്നെ ആനന്ദതുന്ദിലയാക്കി (വാക്കു ശരിയല്ലെ? ) ബഹുരാഷ്ട്ര കുത്തകള്‍ക്കും മോഹന്‍ലാലിനും കിഴടക്കാനാവാത്ത Tastebuds -രസമുകുളങ്ങള്‍? ഇപ്പോഴും അവശേഷിക്കുന്നു....


ആശ്വാസം.

Wednesday, 20 December 2006

വട്ടയപ്പവും താറാവുകറിയും
പിന്നെ കുറെ സംശയങ്ങളും

എന്റെ കുട്ടിക്കാലത്ത്‌ ക്രിസ്തുമസ്‌ അടുക്കുമ്പോള്‍ എനിക്കു ചില ടെന്‍ഷ്ന്‍ അനുഭവപ്പെടാറുണ്ട്‌.23 -24 തീയതികളില്‍ അതു പാരമ്യത്തിലെത്തും." മണീടമ്മേ എന്നു നീട്ടി വിളിച്ചുകൊണ്ടു അച്ചപ്പവും അവലോസുണ്ടയും കള്ളൊഴിച്ചുണ്ടാക്കിയ വട്ടയപ്പവുമയി തെക്കേലെ കര്‍മ്മലി താത്തിയോ, പടിഞ്ഞാറേല വിരോണി താത്തിയൊ ( മുതിര്‍ന്ന ക്രിസ്തിയാനി സ്ത്രീകളെ കൊച്ചിയില്‍ വിളിക്കുന്നതുങ്ങനെയാണു ) പടി കടന്നുവരുന്നതുവരെ ഈ ടെന്‍ഷ്യന്‍ തുടരും. കിഴക്കേല ലൂസി ടീച്ചര്‍ ക്രിസ്തുമസ്സിന്റെ അന്നു രാവിലെയാ വേലിക്കുമുകളിലുടെ പാലപ്പവും ഇഷ്ടുവും (stew) തരിക.പിന്നെ കണ്ണൂര്‍കാരന്‍ കുമാരേട്ടന്റെ പള്ളിപ്പടിലെ ബെസ്റ്റ്‌ ബേക്കറിയിലെ കേകും ,അമ്മയുടെ ബെസ്റ്റ്‌ ഫ്രണ്ട്‌ -ന്റെ വീട്ടിലെ സ്റ്റാര്‍ ഐറ്റെം കുഴലപ്പം കൂടി എത്തിയാല്‍ ഞങ്ങളുടെ വീട്ടിലും ക്രിസ്തുമസ്‌ പൊടിപൊടിക്കും.



പക്ഷെ ഓണത്തിനാണു ഞങ്ങള്‍ വിവരം അറിയുക, ഭൂരിപക്ഷത്തിന്റെ ഇടയില്‍ താമസിക്കേണ്ടി വരുന്ന നൂനപക്ഷത്തിന്റെ സുഖമുള്ള നൊമ്പരങ്ങള്‍ . പായസവും ഉപ്പേരിയും ഒപ്പിക്കാം..അച്ചനും ചേട്ടനും സഹായിക്കും. ഉദ്യോഗസ്ഥയായ അമ്മക്കു കൂടുതലും നുണ പാചകങ്ങളാണുപരിചയം .മത്തങ്ങാപിടിയും ,ഇലയടയും ,അവലോസുപൊടിയും വരെ ഉള്ളു പലഹാര വിജ്ഞാനം , എന്നാല്‍ അതൊന്നും പുറത്തു കണിക്കാതെ ,സമയംകുറവു ഭാവിച്ചു അമ്മ സ്റ്റ്രാറ്റജി വര്‍ക്ക്‌ ഔട്ട്‌ ചെയ്യും , വിതരണത്തിനാവശ്യമായ പലഹാരങ്ങളുടെ നിര്‍മാണം ഔട്ട്‌ സോഴ്സ്‌ ചെയ്യപ്പെടും . കര്‍മിലി താത്തിയെ ബുക്ക്‌ ചെയ്യും . പശുവിനെ പറമ്പില്‍ കെട്ടി തൊഴുത്തിന്റെ ഒരു വശം വൃത്തിയാക്കി വലിയ അടുപ്പുകൂട്ടി പെട്ടെന്നു ഒക്കെ ഉണ്ടക്കി ത്തന്നു അവര്‍ സ്ഥലം വിടും .ചേച്ചിമാരൊ ഞാനോ വിതരണത്തിനു പോകും .



ഒരു തവണ, അപ്പോഴേക്കും കോളേജ്‌ കുമാരികളായി മാറി കഴിഞ്ഞിരുന്ന ചേച്ചിമാര്‍ പ്രമേയം പസ്സാക്കി ..കുറെ ദൂരെ പോയുള്ള വിതരണം നിറുത്തലാക്കാം. റോഡില്‍ കൂടി സഞ്ചിയുമായി പോകനുള്ള മടി. അവര്‍ എന്നോടു പറഞ്ഞു നീ ഇന്നു ഇതു കൊടുത്തിട്ടു, അമ്മയുടെ കൂട്ടുകാരി മേരിചേച്ചിയോടു .."നമുക്കി പരിപാടി അവസാനിപ്പിക്കാം "എന്നു പറയണം . തികഞ്ഞ പ്രതിഷേധം ഉണ്ടെങ്കിലും ഞാന്‍ അതു വളരെ matter of fact ആയി ചട്ടയും മുണ്ടും ഉടുതു നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന അവരൊടു ഞാന്‍ പറഞ്ഞു അതു പോലേ പറഞ്ഞു.. പെട്ടെന്നവരുടെ മുഖം മങ്ങി..ഒന്നും പറയാതേ എനിക്കു 2 രൂപയും തന്നു യാത്രയാക്കി.




വീട്ടില്‍ തിരിച്ചു വന്നപ്പൊ ചേച്ചിമാരു വളഞ്ഞു ..നീ പറഞ്ഞൊ? ."ഉവ്വ്‌" എന്നു ഞാന്‍..അവരെല്ലാവരും പൊട്ടിച്ചിരിച്ചു ..നിനക്കതു പറയന്‍ ധൈര്യം വന്നോ ? ഞങ്ങള്‍ വെറുതെ പറഞ്ഞതല്ലേ എന്നു...ങെ?!!"ഇതു ചതി ,കൊല ചതി" ,എന്റെ മനസ്സു പറഞ്ഞു..കുട്ടികുരങ്ങനെ കൊണ്ടൂ ചുടു ചോറു വാരിക്കുന്ന പണി..ദുഷ്ടകള്‍..
അടുത്ത ക്രിസ്തുമസിനു അവര്‍ കൊണ്ടുവന്നെന്നും ഞങ്ങള്‍ ഓണത്തിനു പിന്നീടു കൊടുത്തില്ല എന്നുമാണു ഓര്‍മ.
മത സൗഹാര്‍ദത്തിന്റെ ആ ബാബറി മസ്ജിദ്‌ പൊളിക്കാന്‍ ഞാന്‍ ഒരു കറ്സേവക ആയതോര്‍ത്താണിപ്പോഴും എനിക്കു സങ്കടം..




വീണ്ടും ക്രിസ്തുമസ്‌
..ഇപ്പൊ എനിക്കു സകറിയയുടെ കഥയിലെ ആഷയെ പോലെ ഒരു പാടു സംശയങ്ങള്‍..





ക്രിസ്തുമസ്‌ നക്ഷത്രമുണ്ടാക്കാന്‍ മുള വാരി വെട്ടുന്ന ആ ഇല്ലികൂട്ടം ജോസ്പ്പേട്ടന്റെ വീടിന്റെ കുളക്കരയില്‍ ഇപ്പൊഴും ഉണ്ടൊ?



വാഴവെട്ടി മുറ്റത്തു നാട്ടി ക്രിസ്തുമസ്‌ വിളക്കു വയ്ക്കാറുണ്ടൊ ജോണി കുട്ടി?



ഗുജറാത്തില്‍ ചെമ്മീന്‍ കമ്പനിയില്‍ പണിക്കു പോയ മോളികുട്ടിക്കു കൊടുത്തയക്കാന്‍ എടുത്തു വച്ച പലഹാരങ്ങള്‍ കട്ടുതിന്നതിനു പ്രാഞ്ചിയെ പുരക്കു ചുട്ടും ഓടിക്കുന്ന ,അവന്റെ അമ്മാമ്മയിപ്പോഴും ഉണ്ടോ ?പ്രാഞ്ചിടെ മകനാവില്ലെ ഇപ്പൊ കള്ളന്‍ ?




ക്രിസ്തുമസ്‌ കരോളിനു (അതുണ്ടെങ്കില്‍) ഉണ്ണിശ്ശൊടെ മാതാവാകുന്നതു ആ സുന്ദരികോത റീനാമ്മേടെ മകളായിരിക്കില്ലെ ?




ആ താറാവുകാരന്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ഇപ്പൊഴും താറാകൂട്ടവുമയി വരാറുണ്ടൊ? തെങ്ങിന്‍ കട്ക്കല്‍ 2 ദിവസം കെട്ടിയിട്ടു വയറ്റിലെ ചെളി കളഞ്ഞാണൊ കറിവയ്കുന്നേ? തേങ്ങ വറുത്തരച്ചാണൊ അതൊ റോസ്റ്റാണൊ ? എനിക്കു വറുത്തരകുന്നതാണിഷ്ടം



കര്‍മിലിത്താത്തി ഇപ്പൊഴും കള്ളൊഴിച്ചു വട്ടയപ്പം ഉണ്ടക്കാറുണ്ടൊ? എങ്കില്‍ ഇപ്പൊല്‍ കിട്ടുന്ന "ആന മയക്കി " ഒഴിച്ചുണ്ടാക്കിയാല്‍ അതിന്റെ പ്രത്യാഘാതം എന്താവും.?
ചവരൊ ചേട്ടനും കുംബാരിക്കും പിന്നെ ഷാപ്പില്‍ പോകേണ്ട ആവശ്യം വരില്ലെ?
ഇപ്പൊ ബേകറീല്‍ കിട്ടുന്ന ഈ വട്ടയപ്പത്തിനിപ്പോല്‍ പഴ സ്വാദുമായി വിദൂര സാമ്യം പോലും ഇല്ലാത്ത്തെന്തെ? ..കള്ളുമായി വിദൂര ബന്ധം പോലും ഇല്ലാത്തതാണൊ കാരണം?



പിന്നെ ദീപേടമ്മെ... (ഇപ്പൊ അവിടെ മണീടമ്മ ഇല്ലല്ലൊ ) എന്നു വിളിച്ചു ഇപ്പൊഴരെങ്കിലും പലഹാരപാത്രങ്ങളു മായി വരാറുണ്ടൊ ?



ഇതെല്ലാം ചിലതു മാത്രം ..ആരോടു ചോദിക്കാന്‍?



Thursday, 14 December 2006

ഇലഞ്ഞി പൂ മണം ഒഴുകി വരുന്നു ..



ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികള്‍ .പല ഇടവഴികളില്‍ കൂടൊഴുകി സ്കൂള്‍ പ്രാധന റോഡില്‍ ഒന്നിച്ചുകൂടി കായലില്‍ പോയി പതിക്കാതെ ആ കായല്‍ കരയിലെ സ്കൂളിലെ രണ്ടാം ബെഞ്ചില്‍ ചെന്നു സ്ഥാനം പിടിക്കും .ഈ പതിവു തെറ്റുന്നതു വെള്ളിയാഴ്ചകളിലാണു.( അന്നു 21/2 മണിക്കൂര്‍ ആണു ലഞ്ച്‌ ബ്രേക്ക്‌) .അല്ലെങ്കില്‍ യൂത്ത്‌ ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളില്‍. അന്നു ഞങ്ങള്‍ ചില raids fix ചെയ്യും . ആരുടെ വീട്ടിലാണു പുളി ,ചാമ്പക്ക ,പേരക്ക എന്നിവ പഴുതു എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ചാണു വെന്യൂ തീരുമാനിക്കുക .മറ്റു സഹോദരികള്‍ ഒറ്റു കൊടുക്കാതിരുന്നല്‍ സംഭവം ഗ്രേറ്റ്‌ വിജയം .



അങ്ങിനെ സസുഖം കഴിയവെ ആ അത്യാഹിതം സംഭവിച്ചു. shuffling -ഇല്‍ പെട്ടു എന്റെ ക്ലാസ്സ്‌ മാറി. ഞാന്‍ ദുഃഖിതയും ഏകാകിയും ആയി മാരി. ഒരു കൃഷ്ണ ഭക്തയെ രക്ഷിക്കാന്‍ ഭഗവാന്‍ രേഷ്മയുടെ രൂപത്തില്‍ അവതരിക്കാന്‍ നിര്‍ബന്ധിതനായി എന്നു വച്ചോളു . എന്നോടു ചറൂ പറ്ര സംസരിക്കുന്ന ,സഹോദരികളൊടു മറുഭാഷ സംസരിക്കുന്ന രേഷ്മ. അതു കൊങ്കിണി ആണെന്നു പില്‍ക്കാലത്തില്‍ കണ്ടെത്തി. റീന,സീന,ലത തുടങ്ങിയ പതിവു പേരുകളില്‍ നിന്നും ,വിരോണിക്ക,മാര്‍ത്ത ,കര്‍മ്മലിത്ത തുദങ്ങിയ പഴ പേരില്‍ നിന്നും തികച്ചും വ്യസ്ത്യസ്ഥമായി romantic ആയ പേരു ,ഹായി.

അതിലും വലിയ ഒരു സന്തോഷം ഉടനേ കണ്ടെത്തി. രേഷ്മയുടെ വാടകവീടിനടുത്തെ ഇലഞ്ഞി മരം ..അടിച്ചുവാരിയിട്ടിരിയ്ക്കുന്ന പൂമുറ്റത്തെ പഞ്ചാര മണലില്‍ പുഷ്പാജ്ഞലിയും ഇലഞ്ഞി പഴ നൈവേദ്യവും അര്‍പ്പിച്ചുകൊണ്ടുനില്‍കുന്ന ആകാശം മുട്ടുന്ന ഇലഞ്ഞി മരം. സ്കൂള്‍ വഴിയില്‍ നിന്നും ചെറിയ ഡൈവേര്‍ഷ്യന്‍ എടുത്താല്‍ കുറച്ചു പൂ പെറുക്കാം ,അല്ലേങ്കില്‍ ചുവന്നു തുടുത്ത പഴങ്ങല്‍ 3-4 എണ്ണം എങ്കിലും കിട്ടാതിരിക്കില്ല..ഈ രഹസ്യം പഴയ കൂട്ടുകാരില്‍ നിന്നും എന്തിനോ മറച്ചുവച്ചു.


അന്നൊരു ശനിയാഴ്ച..സ്കൂള്‍ ആനിവെഴസറി .അതു ചെറിയ ടൗണില്‍ നാട്ടില്‍ ഒരു സംഭവമാണു അന്നു .... കരിമ്പനകളില്‍ ഇല്ലാതിനാല്‍ തെങ്ങൊലകളില്‍ കാറ്റു പിടിച്ച ഉച്ചനേരം..അമ്മ എന്നെ കൂടീ ഉറക്കാന്‍ കിടത്തി. ഇതു പതിവാണു. എന്നാല്‍ എനിക്കു അമ്മയുടെ ഉറക്കത്തിന്റെ ആഴം അളക്കാം. പ്രിയംവദയായി ഉറങ്ങാന്‍ കിടന്ന ഞാന്‍ ഊരുതെണ്ടിയായി ഉണരുന്നു .പടിഞ്ഞറേ പറമ്പില്‍ കളിക്കാന്‍ പോക്കുന്നു .കുട്ടിയും കോലും അല്ലെങ്കില്‍ ഉപ്പിനു പോകുന്ന വഴി ഒക്കെയാണു പോപ്പുലര്‍ ഐറ്റെംസ്‌ .സ്നാക്സ്‌ വേന്നമെന്നു തോന്നുമ്പോള്‍ പാഷന്‍ ഫ്രൂട്ടു ,ബബ്ലൂസ്‌ നാരകമരത്തിനുമുകളില്‍ റസ്റ്റ്‌ എടുക്കല്‍ .കാപ്പി നേരത്തു കിര്‍ത്യമായി വീട്ടില്‍ ഹാജര്‍. ചേച്ചിമാരുടെ ദുഷ്‌പ്രേരണയാല്‍ വഴക്കു കിട്ടും 144 കുറച്ചു കാലം നടപ്പില്‍ വരും , പക്ഷേ ഇളയകുട്ടിയായതിനാല്‍ അമ്മയും അച്ഛനും ഓവര്‍ലി ലീനെയന്റ്‌ എന്നു ചേച്ചിമാരുക്ക് പരാതി.

(ഇന്നെന്റെ മക്കളെ മൊബൈലിന്റെ കാണചരടില്‍ കെട്ടിയിട്ടു മാത്രമെ ഒരു ബെര്‍ത്ത്‌ 'ഡേ പാര്‍ട്ടിയ്ക്കു പോലും വിടാറുള്ളു...ഇവര്‍ക്കൊരു ബാല്യമില്ലാതെ പോയല്ലൊ എന്നു പറഞ്ഞു പരിതപിക്കുന്നതും ഞാന്‍.)

പക്ഷെ അന്നു ഞാന്‍ കുറചു adventurous ആയി കുറച്ചു ദൂരെയുള്ള രേഷ്മയുടെ വീട്ടിലാണു പോയത്‌. കുട്ടികളുടെ ശല്യം ഇല്ല.. ഞങ്ങള്‍ പൂ പെറുക്കി ,നീണ്ട മാല കോര്‍ത്തു. സമയം പോയതറിഞ്ഞില്ല 5 മണി!,ഞാന്‍ വീട്ടിലേക്കു വച്ച്ചു പിടിച്ചു. അന്നാണു ഞാന്‍ വേലി പരുത്തിടെ കമ്പുമായി നില്‍ക്കുന്ന രൗദ്ര ഭീമനെ ആദ്യമായി അടുത്തു കണ്ടതു.
സീന,റീന കൈമലര്‍ത്തി! പിന്നെ എന്നെ പതിവു സ്ഥലങ്ങളിലും കാണാതെ വിരണ്ടിരിക്കുകയാണു വീട്ടുകാര്‍..എങ്കിലും അടിച്ചില്ല, സമ്മാനം മേടിക്കാന്‍ സ്റ്റജില്‍ കേറുമ്പോള്‍ അടീടെ പാടു കാണണ്ട എന്നു വച്ചണൊ ,തിരിച്ചു കിട്ടിയതിലെ സന്തോഷം കാരണമാണൊ അടിച്ചില്ല.....



എന്നാല്‍ അമ്മയുടെ ശത്രുവായ അയല്‍ക്കാരി ടീച്ചര്‍,റീനയുടെ മമ്മി സംഭവം അവസരോചിതമായി കൈകാരിയം ചെയ്തു അന്നു ചീഫ്‌ ഗെസ്റ്റ്‌നെ സ്വീകരിക്കാനുളള്ള അവസരം എന്നില്‍നിന്നും തട്ടിയകറ്റി സ്വന്തം മകള്‍ക്കു സമ്മാനിച്ചു . ഡിവിഷന്‍സ്‌ -ഇല്‍ ഒന്നാമതാവുന്ന കുട്ടികള്‍ക്കു ഉള്ള ഒരു പ്രിവിലീജ്‌ നഷ്ടമാക്കിയതിലായിരുന്നു അമ്മക്കുസങ്കടം (പൊട്ട
ക്കുളത്തില്‍ പുളവന്‍ ഫണീദ്രന്‍!).


ഞാന്‍ ഇതൊന്നും അറിയാതെ ഇലഞ്ഞി പൂ മണത്തില്‍ അലിഞ്ഞു നടക്കുകയായിരുന്നു.



കാലം കടന്നു പോയി. രേഷ്മ പോയി ഞാന്‍ വീണ്ടും പഴയ സംഘത്തില്‍ ജോയിന്‍ ചെയ്തു .വേമ്പനാട്ടു കായലില്‍ കൂടി പിന്നെയും ബോട്ടുകള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി ..ഞാന്‍ തിരുവന്തോരം വഴി സിംഗപൂരിലെത്തിയിട്ടിപ്പോള്‍ വര്‍ഷം ഏഴോ എട്ടൊ.




ഒരു നാള്‍ ...എന്റെ പുതിയ appartment നും ബസ്സ്‌ സ്റ്റോപ്പിനും ഇടക്കുള്ള്‌ വഴിത്താരയില്‍ ചില ചെറിയ തണല്‍ മരങ്ങള്‍ ആരൊ trim ചെയ്യുന്നു ...Praks board - എന്റെ ലീലാവിലാസങ്ങള്‍ എന്നു കരുതി ആഞ്ഞു നടന്നു .പെട്ടെന്നു " ഇലഞ്ഞി പൂ മണം ഒഴുകി വരുന്നു ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു" .. എന്റീശ്വരാ ഈ കൊച്ചു മരങ്ങള്‍ ഇലഞ്ഞിയോ ..എനിക്കു ഇലഞ്ഞി ആകാശം മുട്ടുന്ന മരമാണല്ലൊ..പിന്നെ ആ 18 മരങ്ങളും എന്റെ കൂട്ടുകാരായി. പൂക്കുന്നതും കായ്കുന്നതും കണ്ടു സന്തോഷിച്ചു ..കായ പഴുത്തപ്പോള്‍ ഭയങ്കര വലിപ്പം , ഓറഞ്ചു നിറം. ഒരു കിളിയും കുട്ടിയും ഒന്നും അതിനടുത്തില്ല ..ഫൈനടിക്കാന്‍ ആരും കാണുന്നില്ല എന്നു ഉറപ്പുവരുതി ഞാന്‍ കുറച്ച്‌ പഴങ്ങള്‍ പൊട്ടിച്ചു..ഐയ്യേ വല്ലാത്ത ചവര്‍പ്പും നാവിനൊരു മരവിപ്പും ,വെറുതെയല്ല ഒരു കിളിയെപ്പോലും കാണാത്തെ.



പിന്നീടു ഒരു നാള്‍.. എന്റെ ചെറിയ സല്‍പുത്രി ഒപ്പം ഉണ്ടയിരുന്നു ആ വഴിയില്‍ കൂടെ ..ഞാന്‍ ഒരു പൂവെടുത്തു ബാല്യകാല സ്മരണകളാല്‍ തരളിതമായ ശ്ബദത്തില്‍ പറഞ്ഞു..മോാളെ ..അമ്മയിതു കൊണ്ടു പണ്ടു മാല ഉണ്ടാക്കുമായിരുന്നു ..
അവള്‍ തെല്ലു അവിശ്വനീയത കലര്‍ന്ന സഹതാപത്തോടെ ചോദിച്ചു ..Really?




.

Sunday, 10 December 2006

മലയാളം മരിക്കുന്നു

അപ്രിയമായതൊന്നും പറയാതിരിക്കാനുള്ള മുന്‍ കരുതലാണു സഹ ബ്ലൊഗരെ ഈ പേരിന്റെ പിന്നില്‍ ...എന്തിനെഴുതുന്നു എന്നല്ലെ? മലയാളം മരിക്കാതിരിക്കാന്‍! വടി എടുക്കാന്‍ വരെട്ടെ.. ...

തുടരും



ഓഫീസ്‌ ,അടുക്കള , N T U C( അതിവിടത്തെ സര്‍ക്കാര്‍ പലചരക്കു കടയാണു കൂട്ടരെ
) എന്നിങ്ങനെ ഉള്ള ഒരു ബെര്‍മുഡ triangle-ല്‍ പെട്ടിരിക്കയാണെന്റെ ജീവിതം .അതിനിടയില്‍ മലയാളത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു..




വീട്ടില്‍ പറഞ്ഞൂടെ 'ചേച്ചിക്ക്‌ എന്നു ചോദിച്ചാല്‍ ... എന്റെ ചെറിയ പെണ്‍കുട്ടിക്കാണെങ്കില്‍ മലയാളം കഷ്ടി..മറുപടി ഇംഗ്ലീഷില്‍ .വലിയ പെണ്‍കുട്ടിക്കാണെങ്കില്‍ സംസാരിക്കാന്‍ സമയമില്ല .പിന്നെ ഇവരൊടൊക്കെ ഞാന്‍ കൂടുതലും പറയുന്നതു ചില ത്രീ ലെറ്റ്റ്റര്‍ വേര്‍ഡ്‌സ്‌ ആണെന്നു ഈയിടെ ഞാന്‍ മനസ്സിലാക്കി..കുളിക്കു..പഠിക്കു..കഴിക്കു..(പിന്നെ ദേഷ്യം വരുമ്പോള്‍ അ-സംസ്കൃത മലയാളത്തിനാണു കൂടുതല്‍ പ്രയോഗികത അല്ലെ.)ഓഫീസ്‌ - ഇമെയില്‍ -ബാത്‌ റൂം എന്നിങ്ങനെ വേറൊരു triangle-ല്‍ പെട്ടിരിക്കയാണെന്റെ ശ്രീമാന്‍ ..പിന്നെയീ പെണ്‍ പിള്ളേരെ പഠിപ്പിച്ച്‌ കെട്ടിക്കാനും കാശു വേണമല്ലൊ എന്നോര്‍ക്കുമ്പോള്‍ തത്ര ഭവാനെ അതിന്റെ വഴിക്ക്‌ വിടാതിരിക്കാനും നിവൃത്തിയില്ല. ദാമ്പത്യം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലയാളത്തിനെന്നല്ല ഒരു ഭാഷയ്ക്കും തന്നേ അതില്‍ ഒന്നും ചെയ്യാനില്ല ..ഒന്നും പറയാതെ തന്നേ എല്ലാം രണ്ടുപേര്‍ക്കും അറിയാം .ഒരു മൂളല്‍..ഒരു നോട്ടം ..അത്രമതി. ജീവിത തിരക്കില്‍ വഴക്കടിക്കാന്‍ പോലും നേരമില്ല


ഓഫീസില്‍ ഒരു മലയാളി മരുന്നിനു ഉണ്ടു .. .. ഒരു പാവത്താന്‍ MP3 മലയാളം പാട്ടു തന്നു സഹായിക്കും .ആള്‍ എന്നെ പരസ്യമായി ചേച്ചി എന്നു വിളിച്ചു സംസാരിക്കുന്നതിനാല്‍ കൂട്ടു വെട്ടി ..(note the point;) ) പിന്നെ ഒരു വള്ളുവനാടന്‍ പെണ്‍ കുട്ടി ഉണ്ടായിരുന്നു . എല്ലാ ഭാഷയിലും എന്ന പോലെ മലയാളത്തിലും മൗനം പലിക്കുന്ന ഒരു കുട്ടി..നാട്ടിലെ ഓഫീസില്‍ കലാപില സംസരിച്ചു എല്ലാ സഹപ്രവര്‍ത്തകരുടെയും അമ്മായി അമ്മയുടെ വരെ നാളു വരെ അറിഞ്ഞുനടന്നതിന്റെ ശിക്ഷ ..ആ കുട്ടിടെ ഭര്‍ത്താവിന്റെ പേരും പോലും അറിഞ്ഞതു 6 മാസം കഴിഞ്ഞാണു..അത്ര സംസാരപ്രിയ.(പിന്നെ കുറെ ഹിന്ദിക്കാര്‍..അവര്‍ പറയുന്നതു sub title ഇല്ലാതെ ഹിന്ദി സിനിമ കാണുന്നതു പോലാണെനിക്ക്‌..സംഗതി മനസിലായിവരുമ്പൊ അടുത്ത സീന്‍ കഴിയും.ബഹു ഭൂരിപക്ഷം വരുന്ന chinese, indonesian,Philipiino ഇവരൊടെല്ലാം തെറി /പ്രാക്കു മാത്രം വേണമെങ്കില്‍ മലയാളത്തില്‍ പറയാം..പക്ഷെ ഞാന്‍ പ്രിയംവദ അല്ലെ?


കടകളില്‍ singlish മതി..ഇംഗ്ലീഷിന്റെ സിംഗപൂര്‍ എഡീഷന്‍ .സ്കൂളില്‍- preposition പഠിപ്പിച്ചപ്പോള്‍ ഉറങ്ങിയവര്‍ക്കു എല്ലാം സിംഗപൂരിലേക്കു സ്വാഗതം. ഗ്രാമെറിനെ കുറിച്ചോര്‍ത്തു വിഷമിക്കാതെ തന്നെ സംസാരിക്കാം.പിന്നെ ചില പാര്‍ട്ടികളില്‍ ആണു മലയാളത്തിനു സ്കോപ്‌ ..പക്ഷെ യുവ ഭാര്യമാര്‍ ഇംഗ്ലീഷ്‌ മീഡിയംകാരായതിനാലവണം മലയാളം അത്ര പോര.. കുട്ടികളുടെ വിദ്യാഭ്യാസം, .കാര്‍ത്തിക സ്റ്റോറില്‍ പപ്പടം കിട്ടും എന്നിങ്ങനെ പതിവു വിഷയം ..പിന്നെ സ്വല്‍പ്പം പരദൂഷണം.. പക്ഷെ ഞാന്‍ പ്രിയംവദ അല്ലെ!

പിന്നെ കത്തുകള്‍ ..അതിപ്പൊ കിട്ടാനില്ല..കഷ്ടപെട്ടു കത്തും draft ഉം അയച്ചാല്‍ SMS മറുപടി! അത്ര തിരക്കാണു എന്റെ ബന്ധു ജനങ്ങള്‍ക്കു .പണ്ടൊക്കെ ഫ്രണ്ട്‌സിന്റെ കത്തു വരുമായിരുന്നു..ഇപ്പൊ ആ സമ്പ്രദായം എല്ലാം അന്ന്യം നിന്നു..നമ്മള്‍ കത്തയച്ചാല്‍ നമ്മളെ archaeology വകുപ്പിലേക്ക്‌ റെഫര്‍ ചെയ്തെക്കുമൊ എന്നു ആണു ഭയം .


asianet വന്നാല്‍ എല്ലാം ശരിയാകും എന്നു കരുതി !.കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ കണ്ടതു 4-5 നല്ല പരിപാടികള്‍.എം. കൃഷ്ണണന്‍ നായര്‍ പറയുമ്പോലെ വമനേഛ ഉണര്‍ത്തുന്ന സീരിയലുകള്‍ , നൂറ്റൊന്നാവര്‍ത്തിക്കുന്ന സിനിമകള്‍. കുറെ പഴയ പാട്ടുകള്‍ ഓര്‍മപ്പെടുത്തി എന്നതു ഗുണം ..നാട്ടില്‍ ഇത്രയും സ്വര്‍ണ കടകള്‍, തുണികടകള്‍ വന്നു എന്നു അറിഞ്ഞു..ഇതു ഭയങ്കര കമ്മെര്‍ഷ്യല്‍ ചാനല്‍ ആണെന്നു മോള്‍. അതു പിന്നെ നല്ല മലയാളം പരിപാടികള്‍ ദൂരദര്‍ശനില്‍ ആണെന്നു പറഞ്ഞു തടി തപ്പി.ആണൊ?.. ശ്രീ കണ്ഠന്‍ നായര്‍ക്ക്‌ കത്തയക്കാമെന്നു വിചാരിച്ചു..അതു പിന്നെ മലയാള മനോരമ വീക്കിലി മാതൃഭൂമിവീക്കിലി ആവണമെന്നു വാശി പിടിക്കുന്ന പോലെ അല്ലെ ?

ഏതാണ്ടു കിട്ടുന്നതെല്ലാം വായിച്ചും തോന്നുതു എല്ലാം പറഞ്ഞും മലയാള ഭാഷയെ ഒരു വഴിക്കു ആക്കി വന്നതിന്റെ ശിക്ഷ.

മാസങ്ങള്‍ക്കു മുന്‍പു മാതൃഭൂമിയില്‍ മലയാളം ബ്ലോഗ്ഗിനെ പറ്റി ലേഖനം കണ്ടു .പിന്നെ തിരക്കില്‍ പെട്ടതു മറന്നു..

മലയാളം പത്രം വെബ്‌ എഡീ‍ഷന്‍ എല്ലാം അവഗണിച്ചു ലഞ്ച്‌ ടൈം-ഇല്‍ ബ്ലൊഗ് വായിക്കാന്‍ തുടങ്ങിയ്ട്ടിപ്പോള്‍ കുറച്ചു ദിവസമായി..ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങള്‍ ..ഈ ബൂലൊഗത്തിന്റെ ഭൂമി ശാസ്ത്രം മൊത്തം പിടി കിട്ടിയിട്ടില്ല..എങ്കിലും എന്റെ മലയാളം മരിക്കാതിരിക്കാന്‍ ഇവിടെ കുറിപ്പുകള്‍ ഇട്ടു തുടങ്ങാമെന്നു തോന്നുന്നു..പക്ഷെ സ്പീഡ്‌ കിട്ടുന്നില്ല..ഇംഗ്ലീഷ്‌ വാക്കുകളും പിഴകളും തല്‍ക്കാലം പൊറുക്കുക. ഒരു സ്പ്പെല്‍ ചെക്കര്‍ കിട്ടിയെങ്കില്‍..അതിമോഹമാണു അല്ലെ! പഴക്ക ദോഷം. ക്ഷമീരു!

p. s നിറ്‌ദ്ദേശങ്ങള്‍ക്കു നന്ദി !.